നര്‍ത്തകി ശ്വേതാവാര്യര്‍ ഇന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കും.

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നര്‍ത്തകി ശ്വേതാവാര്യര്‍ ഇന്ന് (വ്യാഴം) ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ഭാരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്‌ഹോപ്പും ഇഴചേര്‍ത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്ലാസിക്കല്‍ എന്ന നൃത്ത ഇനം സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി അവതരിപ്പിക്കും. ഡിഫറന്റ് ആര്‍ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന മാതൃദിനാഘോഷം ശ്വേതാവാര്യയും അമ്മയും ഗുരുവുമായ അംബിക വാരസ്യാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ഷൈലാ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത മോഡല്‍ അശ്വതി തമ്പി മുഖ്യാതിഥിയാകും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, കരിസ്മ പ്രസിഡന്റ് സീമ മുരളി, സെക്രട്ടറി സുമയ്യ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കരിസ്മ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.