HealthIndiaLatest News

ജെ.എന്‍.1 വകഭേദം ഏഷ്യയില്‍ പടരുന്നു; ഇന്ത്യയില്‍ നിരീക്ഷണം ശക്തമാക്കി.

ന്യൂഡല്‍ഹി ∙ കോവിഡിന്റെ പുതിയ വകഭേദമായ ജെ.എന്‍.1 ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ജാഗ്രത നിലനിര്‍ത്തുകയാണ്. സിംഗപ്പൂര്‍, ഹോങ്കോങ്ങ്, തായ്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ പെട്ടെന്നുള്ള വര്‍ധനവാണ് ആശങ്കക്ക് ഇടയാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ത്തു.

ഡല്‍ഹിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, എമര്‍ജന്‍സി റിലീഫ് ഡിവിഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ഏഷ്യന്‍ രാജ്യങ്ങളിലെ വിവിധ നഗരങ്ങളില്‍ പുതിയ വകഭേദം പിടിമുറുക്കുകയാണ്. ഹോങ്കോങ്ങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്റെ റിപ്പോര്‍ട്ട് പ്രകാരം, വൈറസ് തീവ്രമായി സജീവമാണ്. വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ ജനങ്ങളെ പുതിയ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആഹ്വാനിച്ചിട്ടുണ്ട്.

കേസുകളുടെ വര്‍ദ്ധനവിനു പ്രതിരോധശേഷി കുറയുന്നതും പുതിയ വകഭേദങ്ങള്‍ തീവ്രമായി പടരുന്നതിനുള്ള സാധ്യതകളും കാരണമാകാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് സ്ഥിരീകരണമില്ലെന്നും സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ, ഇന്ത്യയിലും ജെ.എന്‍.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സജീവ കേസുകള്‍ 12ല്‍ നിന്ന് 56ലേക്കാണ് ഉയര്‍ന്നത്. ഇന്ത്യയിലുടനീളം നിലവില്‍ 257 സജീവ കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കേസുകള്‍ പ്രതിദിനം ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button