ചെന്നൈ : പ്രശസ്ത ഗായിക കെ.എസ്. ചിത്ര ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞതായി വ്യക്തമാക്കി. ദുബായിൽ നടന്ന സംഗീതപരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം അവർക്കു തുറന്നുപറഞ്ഞത്.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം ആരാധകരോടൊപ്പം സെൽഫി എടുക്കുന്നതിനിടെ ചിത്ര പിന്നോട്ടു മാറിയപ്പോൾ, ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം നിലത്ത് വെച്ചിരുന്ന ലാപ്ടോപ്പ് ട്രേ കാൽ തട്ടിയാണ് വീണത്. “ട്രേകൾ എപ്പോഴും മേശപ്പുറത്ത് വെക്കാറാണ് പതിവ്. പക്ഷേ അവിടെ താഴെയായിരുന്നു. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” എന്ന് ചിത്ര പറഞ്ഞു.
വീഴ്ചയുടെ ആഘാതത്തിൽ തോളെല്ലിന് പരിക്കേറ്റതായി ആദ്യം മനസ്സിലായെങ്കിലും, തുടർന്നുണ്ടായ വേദന കാരണം ചികിത്സ തുടർന്നു. ഏകദേശം ഒരു മാസം ഫിസിയോ തെറാപ്പി നടത്തിയ ശേഷവും കൈ ഉയർത്താൻ സാധിക്കാതിരുന്നപ്പോൾ എം.ആർ.ഐ. പരിശോധനയിൽ പേശികൾക്ക് ഗുരുതര പരിക്കേറ്റതും സ്ഥാനഭ്രംശം സംഭവിച്ചതും കണ്ടെത്തി. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പരിക്ക് ഭേദമാക്കിയെങ്കിലും, പഴയതുപോലെ കൈ ഉയർത്താൻ ഇനി മൂന്നുമാസം കൂടി വേണമെന്നാണ് ചിത്ര വ്യക്തമാക്കിയത്.
വിമാനത്താവള അധികൃതരുടെ അശ്രദ്ധയ്‌ക്കെതിരെ താൻ പരാതി നൽകിയിട്ടില്ലെന്നും, സെൽഫിയെടുക്കുമ്പോൾ ചുറ്റുമുള്ള കാര്യങ്ങൾ ആരാധകർ കൂടുതൽ ശ്രദ്ധിക്കണമെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് ചിത്ര തന്റെ പ്രതികരണം അവസാനിപ്പിച്ചത്. സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.














































