AmericaAssociationsFOMALatest NewsNewsPolitics

ഫിലഡല്‍ഫിയ ഫോമാ മിഡ്‌ടേം ജനറല്‍ബോഡിക്ക് ഒരുക്കങ്ങള്‍ പൂർത്തിയായി; ഉത്സവ ലഹരിയില്‍ മലയാളി സമൂഹം

ഫിലഡല്‍ഫിയ : ലോക മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ (FOMA) മിഡ്‌ടേം ജനറല്‍ബോഡി യോഗം ഒക്ടോബര്‍ 25-ന് ഫിലഡല്‍ഫിയ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, സെക്രട്ടറി ബൈജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ട്രെഷറര്‍ സിജില്‍ പാലക്കലോടി, അനുപമ കൃഷ്ണന്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് ടീമാണ് മിഡ്‌ടേം ജനറല്‍ബോഡി നേരിട്ടും സംഘടിപ്പിക്കുന്നത്. ഫിലഡല്‍ഫിയ സ്വദേശിനിയായ വൈസ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ വര്‍ഷം ജനറല്‍ബോഡി ഫിലഡല്‍ഫിയയില്‍ നടത്താന്‍ തീരുമാനിച്ചത്.

ദൂരെ പ്രദേശങ്ങളില്‍നിന്നും പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി റാഡിസണ്‍ ഹോട്ടലില്‍ (2400 Old Lincoln Hwy, Trevose, PA 19053) 40 മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. എല്ലാ ബുക്കിംഗുകളും പൂര്‍ത്തിയായതായി സംഘാടകര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നൂറിലധികം പ്രതിനിധികള്‍ ഫിലഡല്‍ഫിയയില്‍ എത്തിച്ചേരും.

ഒക്ടോബര്‍ 25-ന് രാവിലെ 10 മണിക്ക് നാഷണല്‍ കമ്മിറ്റി യോഗം തുടങ്ങും. 11 മണിക്ക് ജനറല്‍ബോഡി യോഗവും, ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ ലഞ്ച് ടൈമും നിശ്ചയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ ബൈലോ ഭേദഗതികള്‍ ചര്‍ച്ച ചെയ്യുകയും 3.30-ന് റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടത്തുകയും ചെയ്യും. തുടര്‍ന്ന് വൈകിട്ട് 4 മണിക്ക് ബിസിനസ് ഫോറത്തിന്റെ നാഷണല്‍ കിക്കോഫും, 5 മണിയോടെ പ്രാദേശിക കലാകാരന്മാരെ ഉള്‍പ്പെടുത്തി ഒരുക്കിയ കലാസന്ധ്യയും അരങ്ങേറും.

വിഭവസമൃദ്ധമായ സദ്യയും നയനമനോഹരമായ കലാപ്രകടനങ്ങളും പൂര്‍ണമായും സൗജന്യമായിരിക്കും. ഫോമ എക്‌സിക്യൂട്ടീവ് നാഷണല്‍ കമ്മിറ്റിയും, മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ ആര്‍.വി.പി പത്മരാജനും, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജിയോ ജോസഫ്, ഷാജി മറ്റത്താനി എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

Show More

Related Articles

Back to top button