കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം നവംബര്‍ ഒന്നിന്; മികച്ച നടനുള്ള പോരാട്ടം മമ്മൂട്ടിയും ആസിഫും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. മികച്ച നടനായുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉള്‍പ്പെടുന്നു. 36 സിനിമകളാണ് ഇക്കുറി ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്.
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള അതുല്യ പ്രകടനത്തോടെ മമ്മൂട്ടി വീണ്ടും പുരസ്‌കാര പട്ടികയില്‍ ഇടം നേടുമോയെന്ന് സിനിമാലോകം ഉറ്റുനോക്കുകയാണ്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ ആസിഫ് അലി ശക്തമായ എതിരാളിയാവുകയാണ്. വിജയരാഘവന്‍ കിഷ്‌കിന്ധാകാണ്ഡത്തിലെ വേഷത്തിലൂടെയും ടൊവിനോ തോമസ് എ.ആര്‍.എം. ചിത്രത്തിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ശ്രദ്ധനേടി ഫൈനല്‍ റൗണ്ടില്‍ ഇടം നേടി. ആവേശം എന്ന ചിത്രത്തിലെ ഫഹദ് ഫാസിലും മികച്ച നടനുള്ള മത്സരരംഗത്ത് നിലനിൽക്കുന്നു.
ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ സിനിമകളും മികച്ച ചിത്രത്തിനുള്ള പ്രധാന സ്ഥാനാര്‍ത്ഥികളാണ്. ഈ ചിത്രങ്ങളിലെ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവര്‍ മികച്ച നടിക്കുള്ള മത്സരത്തിലും ഉണ്ട്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി എന്നിവരും മികച്ച നടിക്കുള്ള സാധ്യതാ പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നു.
അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂര്‍ അമ്പലനടയില്‍, പ്രേമലു, വര്‍ഷങ്ങള്‍ക്കുശേഷം, സൂക്ഷ്മദര്‍ശിനി, മാര്‍ക്കോ, ഭ്രമയുഗം, ആവേശം, കിഷ്‌കിന്ധാകാണ്ഡം തുടങ്ങിയവയാണ് ജനപ്രിയ വിഭാഗത്തിലെ ഫൈനല്‍ പട്ടികയില്‍ ഉള്ളത്. നടന്‍ പ്രകാശ് രാജിന്റെ അധ്യക്ഷത്വത്തിലുള്ള ഏഴംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. സര്‍പ്രൈസ് എന്‍ട്രികള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ ചലച്ചിത്രപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.




