
ദോഹ : യുഎസിനെ കടത്തിവെട്ടുന്ന വികസന നേട്ടങ്ങളാണ് കേരളം സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ ഭരണത്തിന്റെ ഫലമായാണ് സംസ്ഥാനത്തിന് ഈ അഭൂതപൂർവമായ നേട്ടങ്ങൾ നേടാനായത്.
ശിശുമരണ നിരക്കിൽ ലോകത്തിലെ ഏറ്റവും വലിയ വികസിത രാജ്യമായ യുഎസിൽ ആയിരത്തിൽ 5.6 ആണെങ്കിലും, കേരളത്തിൽ അത് 5 ആയി താഴ്ന്നതായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ശരാശരി നിരക്ക് 25 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കേരളം അസാധ്യമായ പലതും സാധ്യമാക്കിയ സംസ്ഥാനമാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും കൂട്ടായ പ്രവർത്തനത്താൽ അതിജീവിക്കാൻ കഴിഞ്ഞു,” മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തുമ്പോൾ ക്ഷേമപെൻഷൻ 600 രൂപയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “അന്നത് കടലാസിൽ മാത്രമായിരുന്നു. സർക്കാർ ആദ്യം പെൻഷൻ വിതരണം ഉറപ്പാക്കി, പിന്നീട് തുക വർധിപ്പിച്ചു. നാളെ മുതൽ ക്ഷേമപെൻഷൻ 2000 രൂപയാകും,” മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നോർക്ക ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷനായ ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജി.കെ. മേനോൻ, സ്വാഗതസംഘം ചെയർമാൻ ഇ.എം. സുധീർ എന്നിവർ പ്രസംഗിച്ചു.




