FeaturedIndiaLatest News

ഡൽഹി സ്ഫോടനത്തിൽ 13 പേർക്ക് ജീവഹാനി; ഐ20 കാറിൽ ഉണ്ടായ സ്‌ഫോടനം – ഉന്നതതല അന്വേഷണം

ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം നടന്ന ഭീകരസദൃശ സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി. 23-ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു. എൽ.എൻ.ജെ.പി. ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ച അദ്ദേഹം, സ്‌ഫോടനം ഓടിക്കൊണ്ടിരുന്ന ഐ20 കാറിലാണ് ഉണ്ടായതെന്ന് വ്യക്തമാക്കി. സംഭവം നടന്ന പത്തു മിനിറ്റിനുള്ളിൽ തന്നെ എല്ലാ അന്വേഷണം ഏജൻസികളും സ്ഥലത്തെത്തിയതായും അദ്ദേഹം അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

ട്രാഫിക് സിഗ്നലിൽ നിർത്തിയിരിക്കെ വാഹനത്തിൽ പെട്ടെന്ന് സ്ഫോടനം ഉണ്ടായതായാണ് പ്രാഥമിക വിവരം. തീപ്പൊരി വ്യാപിച്ച് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. സ്ഫോടനശബ്ദം ഒരു കിലോമീറ്റർ അകലെവരെ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് വാഹനം ഏകദേശം 150 മീറ്റർ അകലേക്ക് തെറിച്ചു വീണു. തെരുവുവിളക്കുകൾ പൊട്ടിച്ചിതറുകയും വലിയ തീഗോളം ഉയരുന്നതായി ദൃക്‌സാക്ഷികൾ വിവരിക്കുകയും ചെയ്തു.

ഭീകരാക്രമണത്തിന്റെ സൂചനകളാണ് സുരക്ഷാ ഏജൻസികൾ നൽകുന്നത്. ഗുജറാത്തിൽ രാസായുധാക്രമണത്തിന് പദ്ധതിയിട്ട എട്ടംഗ ഭീകരശൃംഖലയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഈ സ്ഫോടനം ഉണ്ടായത്. 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ അവർയിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

പൊട്ടിത്തെറിച്ച വാഹനം പുതിയതായിരുന്നെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, അതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. സംഭവം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Show More

Related Articles

Back to top button