
കൊൽക്കത്ത : ഒന്നാം ടെസ്റ്റിനിടെ കഴുത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സുഖം പ്രാപിക്കുന്നു. ഗുവാഹത്തിയിൽ 22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ സംഘം ഇന്നലെ കൊൽക്കത്തയിൽനിന്ന് പുറപ്പെട്ടപ്പോൾ ഗിലും സംഘത്തോടൊപ്പം യാത്ര ചെയ്തു.
ഒരു ആഴ്ചത്തെ വിശ്രമം നിർദേശിച്ചിരുന്ന സാഹചര്യത്തിൽ വിമാനയാത്ര ഗിലിന് ബുദ്ധിമുട്ടാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിനെ തുടർന്ന് താരം ടീമിനൊപ്പം ഗുവാഹത്തിയിലേക്കു ചേർന്നു. ഗുവാഹത്തി ടെസ്റ്റിൽ ഗിൽ കളിക്കുമോ എന്നത് സംബന്ധിച്ച തീരുമാനം അടുത്ത ദിവസങ്ങളിലെ മെഡിക്കൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.
ഇന്ന്, നാളെ നടത്തുന്ന പരിശീലന സെഷനുകൾ ഗിലിന് ഫിറ്റ്നസ് തെളിയിക്കാൻ നിർണായകമാണ്. രണ്ടാമത്തെ ടെസ്റ്റിൽ കളിക്കാൻ കഴിയാതിരുന്നാൽ 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കു മുമ്പ് ടീമിലേക്ക് മടങ്ങിവരാൻ താരം ശ്രമിക്കുമെന്ന് സംഘ വൃത്തങ്ങൾ അറിയിച്ചു.





