ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് 2026 ഫിലഡൽഫി യയിൽ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ചരിത്രത്തിൽ ആദ്യമായി എൻആർഐ വിശ്വാസികൾക്ക് വേണ്ടി ഒരുക്കുന്ന ആഗോള സമ്മേളനം 2026 ജൂലൈ 24 മുതൽ 26 വരെ അമേരിക്കയിലെ ഫിലഡൽഫിയയിൽ നടക്കും. ഇന്ത്യയ്ക്കു പുറത്തുള്ള ഐപിസി വിശ്വാസികളും ശുശ്രൂഷകന്മാരും ഒരുമിച്ച് എത്തി സൗഹൃദവും സഹകരണവും വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
ഐപിസിയുടെ ആഗോള വളർച്ചക്കും മിഷൻ പ്രവർത്തനങ്ങൾക്കും പുതുഊർജം നൽകുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കുമ്പനാട് നടന്നുവരുന്ന ഐപിസി ജനറൽ കൺവൻഷനും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഐപിസി കോൺഫറൻസുകൾക്കും ഈ ഗ്ലോബൽ കോൺഫറൻസ് കൂടുതൽ ശക്തി പകരുമെന്ന് സഭ നേതാക്കൾ പറഞ്ഞു.
പ്രഥമ ഗ്ലോബൽ കോൺഫറൻസിന്റെ ഭാരവാഹികളായി പാസ്റ്റർ ഡോ. ജോർജ് മാത്യുവിനെ ഗ്ലോബൽ കൺവീനറായി, പാസ്റ്റർ ഡോ. അഡ്വ. തോമസ് എം. കിടങ്ങാലിലിനെ സെക്രട്ടറിയായി, ബ്രദർ ഏബ്രഹാം ബേബിയെ ട്രഷററായി തിരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമായ വലിയ ഒരു സംഘമാണ് ഈ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കോൺഫറൻസിന്റെ രക്ഷാധികാരികളായി ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാമും ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. ബേബി വർഗീസും പ്രവർത്തിക്കും. പാസ്റ്റർ ഡോ. എം.എസ്. സാമുവൽ, പാസ്റ്റർ ഡോ. സണ്ണി ഫിലിപ്പ്, പാസ്റ്റർ കെ. സി. ജോൺ, പാസ്റ്റർ ജോൺ തോമസ് എന്നിവരടങ്ങുന്ന ഗ്ലോബൽ അഡ്വൈസറി ബോർഡും രൂപീകരിച്ചു. മറ്റ് രാജ്യങ്ങളിലെ അംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും.
ഗ്ലോബൽ കൺവീനറായ പാസ്റ്റർ ഡോ. ജോർജ് മാത്യു എൻആർഐ കൗൺസിൽ വൈസ് ചെയർമാനും ഐപിസി ത്രിപുര സ്റ്റേറ്റ് പ്രസിഡന്റുമാണ്. ഐപിസി ന്യൂജേഴ്സി സഭയുടെ പാസ്റ്ററായും അദ്ദേഹം സേവനം ചെയ്യുന്നു. ഗ്ലോബൽ സെക്രട്ടറിയായ പാസ്റ്റർ ഡോ. അഡ്വ. തോമസ് എം. കിടങ്ങാലിൽ ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയിൽ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. ഹെബ്രോൻ തിയോളജിക്കൽ കോളേജ് ചെയർമാനുമാണ് അദ്ദേഹം. ട്രഷറർ ഏബ്രഹാം ബേബി ഡാലസിലെ ഐപിസി എബനേസർ സഭയുടെ സെക്രട്ടറിയാണ്; 1990 മുതൽ ഡാലസിലെ കൗണ്ടി ഹോസ്പിറ്റർ ഡിസ്ട്രിക്ടിൽ ജോലി ചെയ്യുന്നു.
ഐപിസിയുടെ ആഗോള കുടുംബത്തെ ഒരു വേദിയിൽ ഒത്തുചേർക്കുന്ന ചരിത്രപരമായ ഒരു സംഗമമായിരിക്കും ഫിലഡൽഫിയയിൽ നടക്കുന്ന ഈ എൻആർഐ ഗ്ലോബൽ കോൺഫറൻസ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ഐപിസി വിശ്വാസികൾക്കും ശുശ്രൂഷകന്മാർക്കും പുതുജീവനൊരുക്കുന്ന വേദിയായി ഇതിനെ സഭ പ്രതീക്ഷിക്കുന്നു.




