രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ; ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിലായി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ തിരിച്ചെടുത്ത് ജയിലിലേക്കു മാറ്റുകയായിരുന്നു.
രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. രണ്ട് തവണ ജാമ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം കഴിഞ്ഞ 12 ദിവസമായി റിമാൻഡിലാണ്. ജയിലിൽ നടത്തിയ നിരാഹാരസമരം പിന്നീട് രാഹുൽ പിന്‍വലിച്ചിരുന്നു. അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പരാതിയാണ് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.
സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതിയുടെ തിരിച്ചറിയൽ സാധ്യമാകുന്ന വിവരങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്നാരോപണം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തപ്പെട്ടിട്ടുണ്ട്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകൾക്കു കീഴിലാണ് കേസ്. ഇവയ്‌ക്ക് പരമാവധി രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും അഭിഭാഷക ദീപ ജോസഫ്, അതേ പേരിലുള്ള മറ്റൊരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമ എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. കൂടാതെ രാഹുൽ ഈശ്വറും കോൺഗ്രസ് നേതാവ് സന്ദീപ് വാരിയറുമുൾപ്പെടെ ആകെ ആറുപേർക്കെതിരെ അന്വേഷണം തുടരുന്നു.




