KeralaLatest NewsPolitics

തദ്ദേശ തിരഞ്ഞെടുപ്പ്: ഇടത് ദുർഭരണത്തിനെതിരായ ശക്തമായ താക്കീത് — ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) വിജയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് പരിപൂര്‍ണ പിന്തുണ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിതെന്നും, ഇടത് ദുർഭരണത്തിനെതിരായ ശക്തമായ താക്കീതായി ഈ വിജയത്തെ കാണുന്നതായും ചെന്നിത്തല പറഞ്ഞു.

ജനങ്ങള്‍ ഏല്‍പ്പിച്ച വമ്പിച്ച ഉത്തരവാദിത്വം വിനയത്തോടെ ഏറ്റെടുക്കുകയാണെന്നും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളാണ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രചാരണ തന്ത്രവും ദിശയും നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. അതിനാല്‍ തന്നെ ഫലത്തെ രാഷ്ട്രീയ കേരളം സൂക്ഷ്മമായി വിലയിരുത്തുകയാണ്. കേരളം യുഡിഎഫ് തരംഗത്തിലേക്കാണ് നീങ്ങുന്നതെന്ന വ്യക്തമായ സൂചനകളാണ് ഫലം നല്‍കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

കോര്‍പ്പറേഷന്‍ അടിസ്ഥാനത്തിലുള്ള ട്രെന്‍ഡുകള്‍ പ്രകാരം കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ യുഡിഎഫ് നിലവില്‍ മുന്നിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മാത്രമായിരുന്നു യുഡിഎഫിന്റെ വിജയം. അതേസമയം ലഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍ഡിഎഫ്) കോഴിക്കോട് കോര്‍പ്പറേഷനിലും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) തിരുവനന്തപുരം കോര്‍പ്പറേഷനിലും മുന്നിലാണ്.

മുനിസിപ്പാലിറ്റി തലത്തിലുള്ള ട്രെന്‍ഡുകള്‍ യുഡിഎഫിന്റെ വന്‍ ലീഡാണ് സൂചിപ്പിക്കുന്നത്. ഇതുവരെ 48 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നിലാണ്. എല്‍ഡിഎഫ് 30 ഇടത്തും എന്‍ഡിഎ ഒരു ഇടത്തും ലീഡ് ചെയ്യുന്നു. അഞ്ച് മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന സൂചനകള്‍ ഇത്തവണയും എല്‍ഡിഎഫിന് അനുകൂലമാണെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.

Show More

Related Articles

Back to top button