പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ഡോ. എസ്. അഹമ്മദ്; ദേശീയ ‘പ്രവാസി മിത്ര’ പുരസ്‌കാരം ഏറ്റുവാങ്ങി

കോഴിക്കോട്: ദില്ലി ആസ്ഥാനമായ ദേശീയ മനുഷ്യാവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പുരസ്‌കാരമായ ‘പ്രവാസി മിത്ര’ എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനും പ്രവാസി സമൂഹത്തിന്റെ അവകാശ പ്രവർത്തകനുമായ ഡോ. എസ്. അഹമ്മദിന് സമ്മാനിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ജുഡീഷ്യറി അംഗമായ ജസ്റ്റിസ് ശ്രീ. കെ. ബൈജുനാഥ് കോഴിക്കോട് ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടന്ന സമ്മേളനത്തിൽ പുരസ്‌കാരം കൈമാറി.
ചടങ്ങിൽ പ്രമുഖ ജസ്റ്റിസുമാർ, അഭിഭാഷകർ, വ്യവസായ–വാണിജ്യ മേഖലയിലെ പ്രതിനിധികൾ, സാമൂഹ്യ–സാംസ്‌കാരിക രംഗത്തെ നേതാക്കൾ എന്നിവർ പങ്കെടുത്തു. പ്രവാസി സമൂഹത്തിനായി ഡോ. എസ്. അഹമ്മദ് നടത്തിയ ദീർഘകാല സേവനങ്ങളും അവകാശ സംരക്ഷണ പ്രവർത്തനങ്ങളും ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കപ്പെട്ടു.
പുരസ്‌കാരദാന ചടങ്ങിനിടെ ഡോ. എസ്. അഹമ്മദും ജസ്റ്റിസ് കെ. ബൈജുനാഥും തമ്മിലുള്ള പഴയ സൗഹൃദം പുതുക്കിയതും ശ്രദ്ധേയമായി. വർഷങ്ങൾക്ക് മുൻപ് അഭിഭാഷകരായിരുന്ന കാലത്ത് ഇരുവരും പങ്കിട്ട സൗഹൃദവും ഓർമ്മകളും വീണ്ടും പങ്കുവെച്ച ഈ നിമിഷം അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും അനുഭവമായി മാറി.




