AmericaLatest NewsPolitics

സോഷ്യൽ സെക്യൂരിറ്റി സേവനങ്ങളിൽ വലിയ മുന്നേറ്റം; 24/7 ഡിജിറ്റൽ ആക്‌സസ്, കുടിശ്ശികയിൽ വൻ കുറവ്

വാഷിംഗ്ടൺ: യുഎസിലെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (SSA) ഡിജിറ്റൽ സേവനങ്ങളിലൂടെയും പ്രവർത്തനക്ഷമത വർധിപ്പിച്ചും വലിയ മുന്നേറ്റം കൈവരിക്കുന്നതായി സോഷ്യൽ സെക്യൂരിറ്റി കമ്മീഷണർ ഫ്രാങ്ക് ജെ. ബിസിനാനോ അറിയിച്ചു. വ്യാഴാഴ്ച നടന്ന സോഷ്യൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിമാസം 70 മില്യണിലധികം അമേരിക്കൻ പൗരന്മാർ സോഷ്യൽ സെക്യൂരിറ്റി പേയ്മെന്റുകളിൽ ആശ്രയിക്കുന്നുണ്ടെന്നും, ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം അഞ്ചിലൊന്നാണെന്നും ബിസിനാനോ പറഞ്ഞു. യുഎസിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും സോഷ്യൽ സെക്യൂരിറ്റി നികുതി അടയ്ക്കുന്നവരാണ്. നിലവിൽ ഏകദേശം 55 മില്യൺ പേർക്ക് ഈ പദ്ധതിയിൽ നിന്ന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

ഏജൻസിയുടെ സേവനങ്ങളിൽ വേഗതയും ഓൺലൈൻ സൗകര്യങ്ങളും ഗണ്യമായി വർധിച്ചതായും, വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട കുടിശ്ശിക കുറയ്ക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായതായും കമ്മീഷണർ വ്യക്തമാക്കി. സാങ്കേതിക നവീകരണം, ജീവനക്കാരിലേക്കുള്ള നിക്ഷേപം, സേവന വിതരണത്തിലെ മാറ്റങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്തത്.

ഡിജിറ്റൽ നവീകരണവും കാര്യക്ഷമമായ പ്രവർത്തനരീതികളും വഴി സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിസിനാനോ പറഞ്ഞു. ട്രംപ് ഭരണകൂടം ഏജൻസിയിലെ ചെലവുകൾ കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഈ സാങ്കേതിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി മുതൽ വ്യക്തിഗത സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ടുകൾ അമേരിക്കക്കാർക്ക് 24 മണിക്കൂറും, ആഴ്ചയിലെ ഏഴ് ദിവസവും (24/7) ഉപയോഗിക്കാനാകും. മുമ്പ് ആഴ്ചയിൽ ഏകദേശം 29 മണിക്കൂർ ഈ സേവനം ലഭ്യമല്ലായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ, 2024 സാമ്പത്തിക വർഷത്തേക്കാൾ കോൾ പ്രതികരണങ്ങളിൽ 65 ശതമാനം വർധന രേഖപ്പെടുത്തി. ശരാശരി പ്രതികരണ സമയം ഒറ്റ അക്കത്തിലേക്ക് കുറഞ്ഞതായും, നിലവിൽ 90 ശതമാനം കോളുകളും സ്വയം സേവന ഓപ്ഷനുകളിലൂടെയോ കോൾബാക്കുകളിലൂടെയോ പരിഹരിക്കാനാകുന്നതായും അറിയിച്ചു.

ഫീൽഡ് ഓഫീസുകൾ സന്ദർശിക്കുന്നവർക്കുള്ള ശരാശരി കാത്തിരിപ്പ് സമയം 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 30 ശതമാനം കുറഞ്ഞു. അപ്പോയിന്റ്മെന്റ് എടുത്ത് എത്തുന്നവർക്ക് ശരാശരി ആറു മിനിറ്റ് മാത്രമാണ് സഹായം ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നത്. വൈകല്യ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിലെ കുടിശ്ശികയിൽ വൻ കുറവുണ്ടായിട്ടുണ്ട്. 2024 ജൂണിൽ 12.6 ലക്ഷം ആയിരുന്ന പെട്ടിക്കിടന്ന അപേക്ഷകൾ നിലവിൽ മൂന്നിലൊന്നായി കുറഞ്ഞതായി കമ്മീഷണർ വ്യക്തമാക്കി.

സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്ട് പ്രകാരം 3.1 മില്യൺ പേയ്മെന്റുകൾ, ആകെ 17 ബില്യൺ ഡോളർ, ആനുകൂല്യം ലഭിക്കുന്നവർക്ക് വിതരണം ചെയ്തു. ഇത് നിശ്ചയിച്ച സമയത്തേക്കാൾ അഞ്ച് മാസം മുൻപാണ് വിതരണം ചെയ്തതെന്നും ബിസിനാനോ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ ഇതുവരെ കാണാത്ത വേഗത്തിൽ കൂടുതൽ അമേരിക്കൻ പൗരന്മാർക്ക് സേവനം നൽകാൻ കഴിഞ്ഞതായും, പുതിയ സോഷ്യൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് ചെയർമാനുമായി ശക്തമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show More

Related Articles

Back to top button