AmericaLatest News

24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതിയെ ജീവനോടെ കണ്ടെത്തി.

നോർത്ത് കരോലിന അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 2001-ൽ കാണാതായ മിച്ചൽ ഹണ്ട്ലി സ്മിത്ത് (62) എന്ന യുവതിയെ 24 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. റോക്കിംഗ്ഹാം കൗണ്ടി ഷെരീഫ് ഓഫീസാണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2001 ഡിസംബർ 9-നാണ് 38 വയസ്സുകാരിയായിരുന്ന മിച്ചൽ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

 എഫ്.ബി.ഐ, ഡി.ഇ.എ  തുടങ്ങിയ ഏജൻസികൾ വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

 കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പോലീസ് അവരുമായി നേരിട്ട് സംസാരിച്ച് വ്യക്തിത്വം സ്ഥിരീകരിച്ചു.

താൻ സുരക്ഷിതയാണെന്നും എന്നാൽ ഇപ്പോൾ എവിടെയാണെന്ന വിവരം രഹസ്യമായി വെക്കണമെന്നും മിച്ചൽ പോലീസിനോട് അഭ്യർത്ഥിച്ചു. അവർക്കെതിരെ നിലവിൽ ക്രിമിനൽ കേസുകളൊന്നുമില്ല.

 മിച്ചൽ സ്വന്തം ഇഷ്ടപ്രകാരം പുതിയൊരു ജീവിതം തിരഞ്ഞെടുത്തതാണെന്ന് മകൾ അമണ്ട സ്മിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മ ജീവനോടെയുണ്ടെന്ന അറിവ് തന്നെ തങ്ങൾക്ക് വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു.

വർഷങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഒരു തിരോധാന കേസിന് ശുഭകരമായ അന്ത്യം കുറിച്ചിരിക്കുകയാണ് അമേരിക്കൻ പോലീസ്..

പി പി ചെറിയാൻ

Show More

Related Articles

Back to top button