KeralaObituary

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു.

കൊച്ചി: ഇന്ത്യയിലെ പ്രഥമ വൃക്കമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റും വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി ഡയറക്ടറുമായ ഡോ. കെ.വി. ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രിയിൽ വെച്ച് ശനിയാഴ്ച രാവിലെ 9.05ഓടെയാണ് അന്തരിച്ചത്. 

ഡോ. കെ.വി. ജോണിയുടെ നെഫ്രോളജി ചികിത്സാരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്ത് വി.പി.എസ് ലേക്‌ഷോറിനെ രാജ്യത്തെ ഒന്നാം നിരയിലെത്തിക്കുന്നതിന് സഹായകമായി. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ വി.പി.എസ് ലേക്‌ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി. വിയോഗം  തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചിച്ചു. 

1971ൽ ഇന്ത്യയിലെ പ്രഥമ വൃക്കമാറ്റ ശസ്ത്രക്രിയ വെല്ലൂർ സി.എം.സിയിൽ നടന്നത് ഡോ. കെ.വി. ജോണിയുടെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്‍ററിന് വെല്ലൂരിൽ തുടക്കം കുറിച്ചതും അദ്ദേഹമാണ്. കുവൈറ്റ് പൗരനല്ലാത്ത ഒരാൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ കുവൈറ്റ് സർവകലാശാല മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവിയും അദ്ദേഹത്തിന് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1993ൽ കുവൈറ്റിലും റീനൽ ട്രാൻസ്പ്ലാന്‍റ് സെന്‍റർ സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കുവൈറ്റ് നാഷണൽ ഫിസിഷ്യൻസ് പ്രൊമോഷൻ കമ്മിറ്റി അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈറ്റുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കുവൈറ്റ് മിനിസ്ട്രി ഏർപ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ പ്രധാനിയായിരുന്നു അദ്ദേഹം. 

1960ൽ കേരള സർവകലാശാലയിൽ നിന്നും എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം 1965ൽ എം.ഡി, 1966ൽ ഇ.സി.എഫ്.എം.ജിയും പൂർത്തിയാക്കി. 1978ൽ കാനഡ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്നും എഫ്.ആർ.സി.പിയും നേടി. സൗത്ത് ഓസ്ട്രേലിയ, യു.കെ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽ തുടർപഠനവും സേവനവും നിർവഹിച്ചു. 

കുവൈറ്റ് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് മുബാറക് അൽ- കബീർ സർവകലാശാല ഹോസ്പിറ്റലിലെ നെഫ്രോളജി തലവൻ, മെഡിസിൻ വിഭാഗം ചെയർമാൻ, കുവൈറ്റ് മിനിസട്രി ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻ ഇന്‍റേണൽ മെഡിസിൻ ഫാക്കൽറ്റി ചെയർമാൻ, പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് പ്രോഗ്രാം ഡയറക്ടർ, കുവൈറ്റിലെ അസോസിയേഷൻ ഓഫ് ഇന്ത്യൻ പ്രൊഫഷണൽസ് മുൻ പ്രസിഡന്‍റ്, കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾസ് ബോർഡ് ഓഫ് ട്രസ്റ്റീസ് െചയർമാൻ, വേൾഡ് ഇന്ത്യ ഡയബറ്റീസ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം, കുവൈറ്റിലെ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം രക്ഷാധികാരി തുടങ്ങി നിരവധി ചുമതകൾ വഹിച്ചു. ആരോഗ്യരംഗത്തെ നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

നിരവധി ദേശീയ, അന്താരാഷ്ട്ര കോൺഫറൻസുകളിൽ അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ രാജ്യത്തിന്‍റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അദ്ദേഹത്തിന്‍റെ ഇടപെടലായിരുന്നു. 

എണാകുളം തേവര ഫെറി റോഡ് ഉപരിക മാളിക 12ബിയിലായിരുന്നു താമസം. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മോളി ജോണിയാണ് ഭാര്യ. മക്കൾ: ഡോ. വിനോ ജോൺ വർഗീസ് (യു.എസ്.എ), ഡോ. അനിൽ ജോൺ മാണി(യു.എസ്.എ), ഡോ. ആശ വികാസ് (യു.കെ). 

ഭൗതിക ശരീരം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വിദേശത്തുള്ള മക്കൾ ഉൾപ്പെടെ ബന്ധുക്കൾ എത്തിച്ചേരുന്ന മുറക്കായിരിക്കും പൊതുദർശനവും സംസ്കാരവും തീരുമാനിക്കുകയെന്ന് വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ ഡോ. കെ.വി. ജോണിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി.

Show More

Related Articles

Back to top button