AmericaLatest News

വെനസ്വേല യുഎസ് എംബസിയിൽ വീണ്ടും അമേരിക്കൻ പതാക ഉയർന്നു; 2019-ന് ശേഷം ആദ്യം.

വാഷിംഗ്‌ടൺ ഡി സി :നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ ശനിയാഴ്ച വീണ്ടും യുഎസ് പതാക ഉയർത്തി. 2019-ൽ നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് താഴ്ത്തിയ പതാകയാണ് ഇപ്പോൾ വീണ്ടും ഉയർത്തിയത്.

കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു.

നിലവിലെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറായതും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവർക്ക് പിന്തുണ പ്രഖ്യാപിച്ചതുമാണ് എംബസി തുറക്കുന്നതിലേക്ക് നയിച്ചത്.

 എംബസിയിൽ പതാക ഉയർന്നത് കാരക്കാസിലെ പ്രാദേശിക നിവാസികൾക്കിടയിൽ വലിയ സന്തോഷമുണ്ടാക്കി. ഇത് പുരോഗതിയുടെയും ലോകരാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന്റെയും തുടക്കമാണെന്ന് പലരും പ്രതികരിച്ചു.

 പതാക ഉയർത്തിയെങ്കിലും എംബസി കെട്ടിടത്തിൽ നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. എംബസി എന്ന് മുതൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യക്തമല്ല.

അതേസമയം, നിക്കോളാസ് മഡുറോയെ നിർബന്ധപൂർവ്വം അധികാരത്തിൽ നിന്ന് നീക്കിയതിലും അദ്ദേഹത്തെയും ഭാര്യയെയും ന്യൂയോർക്കിൽ ജയിലിലടച്ചതിലും വെനസ്വേലയിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കും ട്രംപ് ഭരണകൂടത്തോട് കടുത്ത എതിർപ്പുണ്ട്. രാജ്യത്തെ എണ്ണ വ്യവസായത്തിൽ അമേരിക്കൻ സ്വാധീനം വർദ്ധിക്കുന്നതിനെയും ഇവർ വിമർശിക്കുന്നു.

പി പി ചെറിയാൻ

Show More

Related Articles

Back to top button