AmericaCrimeLatest NewsNewsPolitics

മാപ്പ് അർഹിക്കുന്നില്ലെന്ന് കുറിപ്പ്; വൈറ്റ് ഹൗസ് വെടിവയ്പ്പ് ശ്രമക്കേസിൽ അധ്യാപകന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നു

വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവയ്പ്പ് നടത്താൻ ശ്രമിച്ച കേസിലെ പ്രതിയും അധ്യാപകനുമായ കോൾ ടോമസ് അലന്റെ സ്വകാര്യ കുറിപ്പുകളും കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളും പുറത്തുവന്നതോടെ അമേരിക്കയിൽ വലിയ ചർച്ചയാകുന്നു. 31 കാരനായ അലൻ, താൻ മാപ്പ് അർഹിക്കുന്നില്ലെന്നും എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റൊരു വഴിയും കാണാത്തതിനാലാണ് ഈ നടപടിയിലേക്ക് തിരിഞ്ഞതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയതായി അന്വേഷണ ഏജൻസികൾ അറിയിച്ചു.

കലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള അലൻ പ്രാദേശികമായി മികച്ച ട്യൂഷൻ അധ്യാപകനായി അറിയപ്പെട്ടിരുന്നതാണ്. വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും സൗഹൃദപരമായ പെരുമാറ്റം പുലർത്തിയിരുന്ന ഇയാൾക്കെതിരെ ഇത്തരമൊരു ഗുരുതര ആരോപണം ഉയർന്നത് പരിചയക്കാർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കി. ഡിസംബർ 2024ൽ ‘ടീച്ചർ ഓഫ് ദി മന്ത്’ ബഹുമതിയും ഇയാൾ നേടിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

അന്വേഷണ ഏജൻസികൾ നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്നും നിർണായക രേഖകൾ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു ആക്രമണശ്രമമെന്ന് രേഖകൾ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്നും, മറ്റാരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ തടസ്സം നിൽക്കുന്നവരെ നേരിടുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രതിയുടെ വീട്ടിലും താമസസ്ഥലങ്ങളിലും എഫ്ബിഐ നടത്തിയ റെയ്ഡിൽ തോക്ക് ഉപയോഗിച്ചുള്ള പരിശീലനങ്ങളെയും സാമൂഹിക മാധ്യമങ്ങളിലെ തീവ്രമായ രാഷ്ട്രീയ നിലപാടുകളെയും കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള മൂന്ന് ഗുരുതര വകുപ്പുകൾ പ്രകാരമാണ് അലൻക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ മാനസികാവസ്ഥയും രാഷ്ട്രീയ ചിന്തകളും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. കേസിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button