മുംബൈയിൽ റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെതിരെ കേസ്.

മുംബൈ: റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെതിരെ മുംബൈയിലെ ചാർകോപ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാജ്യവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കുകയും കലാപത്തിന് പ്രേരണ നൽകുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു രാഷ്ട്രീയ പാർട്ടിയുടെ സമരം പരാജയപ്പെട്ട പശ്ചാത്തലത്തിൽ നടത്തിയ ടെലിവിഷൻ ചർച്ചയ്ക്കിടെയുണ്ടായ പരാമർശങ്ങളാണ് വിവാദത്തിന് ഇടയാക്കിയതെന്നാണ് പരാതി. സമരങ്ങൾ നടക്കുന്ന ദിവസം നഗരങ്ങൾ കത്തണമെന്ന് ഒരു ജർമ്മൻ നാടകകൃത്ത് പറഞ്ഞിട്ടുണ്ടെന്ന് അരുൺ കുമാർ പരാമർശിച്ചതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ പത്ത് വർഷത്തെ കേന്ദ്ര സർക്കാർ ഭരണകാലത്ത് നഗരങ്ങൾ കത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലെന്ന വിമർശനം അദ്ദേഹം ഉന്നയിച്ചുവെന്നും, ഭാവിയിൽ അത്തരം സംഭവങ്ങൾ ഉണ്ടാകണമെന്ന നിലപാട് പ്രകടിപ്പിച്ചുവെന്നുമാണ് പരാതിക്കാരുടെ ആരോപണം.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.




