കേരള സർക്കാരിന്റെ 2026–27 പുതുക്കിയ ബജറ്റിനെ ദി സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SICCI) കേരള ചെയർമാൻ ഡോ. തോമസ് നെച്ചുപാടം സ്വാഗതം ചെയ്തു.

നിക്ഷേപം, വ്യവസായ വളർച്ച, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസര സൃഷ്ടി, നവീകരണം എന്നിവയ്ക്ക് വ്യക്തമായ മുൻഗണന നൽകുന്ന ദീർഘവീക്ഷണമുള്ള വികസന ബജറ്റാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മിഷൻ സമുദ്ര, ഇൻവെസ്റ്റ് കേരളം, സതേൺ കേരള ഇക്കണോമിക് കോറിഡോർ, ഏവിയേഷൻ ഹബ്, കേരള MSME ഗ്രോത്ത് സ്കീം, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ആരോഗ്യരംഗം എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ കേരളത്തെ ആഗോള നിക്ഷേപ-വ്യവസായ കേന്ദ്രമായി ഉയർത്താൻ സഹായിക്കുമെന്നും, ബിസിനസ് സൗഹൃദ അന്തരീക്ഷം, സാങ്കേതികവിദ്യയുടെ പ്രയോജനം, നൈപുണ്യ വികസനം, മേഖലാടിസ്ഥാനത്തിലുള്ള വളർച്ച എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് വ്യവസായ മേഖലയുമായും നിക്ഷേപകരുമായും വിവിധ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ദി സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SICCI) കേരള സന്നദ്ധമാണെന്ന് ഡോ. തോമസ് നെച്ചുപാടം പറഞ്ഞു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തം, സമയബന്ധിതമായ പദ്ധതിനിർവഹണം, വ്യവസായ മേഖലയുമായുള്ള തുടർച്ചയായ ആശയവിനിമയം എന്നിവയാണ് ബജറ്റിന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ നിർണായകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര-വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും MSME മേഖലയെ ശക്തിപ്പെടുത്തുന്നതിനും കേരളത്തെ വ്യാപാര, വാണിജ്യ, സുസ്ഥിര സാമ്പത്തിക വികസനത്തിന്റെ മുൻനിര കേന്ദ്രമായി ഉയർത്തുന്നതിനുമായി SICCI കേരള സർക്കാരിനൊപ്പം സജീവമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.




