അമേരിക്കയിൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിയന്ത്രണം കടുപ്പിച്ചു; പുതിയ യു.എസ് ഇമിഗ്രേഷൻ നിയമം 2026 ജൂലൈ 10 മുതൽ

അമേരിക്കയിൽ താമസിച്ച് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന (Adjustment of Status) വിദേശികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). 2026 ജൂലൈ 10 മുതൽ യു.എസിനുള്ളിൽ വെച്ച് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നത് സാധാരണ നടപടിയായി കാണാനാകില്ലെന്നും, ഇത് പ്രത്യേക പരിഗണനയോ ഔദാര്യമോ (Act of Grace) ആയി മാത്രമേ കണക്കാക്കൂ എന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
പുതിയ നിയമപ്രകാരം അപേക്ഷകരിൽ പലർക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള യു.എസ് കോൺസുലേറ്റുകൾ വഴി മാത്രമേ ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.
യു.എസിനുള്ളിൽ തുടരാൻ മതിയായതും അസാധാരണവുമായ കാരണങ്ങൾ ബോധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
ആശങ്കയിൽ പ്രവാസികൾ: ഈ പരിഷ്കാരം നിലവിൽ യു.എസിലുള്ള ലക്ഷക്കണക്കിന് അപേക്ഷകരെയും അവരുടെ കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വന്തം രാജ്യം വിട്ട് പോയാൽ പിന്നീട് തിരിച്ചുവരുന്നതിന് വിലക്ക് നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പലരും.
എന്നിരുന്നാലും രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവർക്കും ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയുള്ള പ്രത്യേക വിഭാഗങ്ങൾക്കും ഈ നിയമത്തിൽ ചില ഇളവുകൾ നൽകിയേക്കുമെന്നും യു.എസ് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.
പി പി ചെറിയാൻ



