KeralaLatest NewsNews

പാലക്കാടിന്റെ നഗരഗതാഗതത്തിന് പുതുജീവൻ; കെഎസ്ആർടിസി സിറ്റി ബസ് സർവീസ് ഉടൻ ആരംഭിക്കും

പാലക്കാട്: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് ഇനി ദിവസങ്ങൾ മാത്രം. സർവീസിനായി നിയോഗിച്ച മിനി ബസ് പാലക്കാട്ടെത്തിയതോടൊപ്പം ഡ്രൈവറുടെ നിയമനവും പൂർത്തിയായിട്ടുണ്ട്. റൂട്ടുമായി ബന്ധപ്പെട്ട അന്തിമ ധാരണയും കൈവന്ന സാഹചര്യത്തിൽ ഉദ്ഘാടന തീയതിയും സ്ഥിരം സമയക്രമവും ഉടൻ പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

രമേഷ് പിഷാരടി എംഎൽഎയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന സിറ്റി ബസ് സർവീസ് യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായാണ് സർവീസ് ആരംഭിക്കുന്നത്. ഇതിലൂടെ വനിതകൾക്ക് സൗജന്യ യാത്രാ സൗകര്യവും ലഭ്യമാകും.

പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് മണപ്പുള്ളിക്കാവ്, മെഡിക്കൽ കോളജ്, സിവിൽ സ്റ്റേഷൻ, യാക്കര, ചടനാംകുറുശ്ശി, നൂറണി, ബിഗ് ബസാർ സ്കൂൾ, മേലാമുറി, മേഴ്സി കോളജ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ആദ്യഘട്ട സർവീസ്. തുടർന്ന് ഒലവക്കോട്–പുതിയപാലം–മെഡിക്കൽ കോളജ് റൂട്ടിൽ വൈകിട്ട് വരെ സർവീസ് തുടരും. വൈകിട്ട് മെഡിക്കൽ കോളജിൽ നിന്ന് ഒലവക്കോട്, മുണ്ടൂർ വഴി കോങ്ങാട് വരെയും തുടർന്ന് കോങ്ങാട്ടിൽ നിന്ന് മുണ്ടൂർ, ഒലവക്കോട് വഴി പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുമുള്ള സർവീസും ക്രമീകരിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ നിശ്ചയിച്ച റൂട്ടിന്റെ പ്രായോഗികത വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ടൗൺ സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ് എന്നിവയെ കാര്യക്ഷമമായി ബന്ധിപ്പിക്കുന്ന പൊതുഗതാഗത സംവിധാനം വേണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. നഗരത്തിനകത്തെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്ന ഈ സിറ്റി ബസ് സർവീസ് പാലക്കാടിന്റെ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായിരിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button