വാഷിംഗ്ടൺ: യുഎസും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നു. നടപടിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് കാനഡ മുന്നറിയിപ്പ് നൽകി.
വാഷിംഗ്ടണിൽ ചർച്ചകൾ നടത്തിയിരുന്ന കനേഡിയൻ സംഘത്തോട് തിരിച്ചുപോകാൻ പ്രധാനമന്ത്രി മാർക്ക് കാർണി നിർദേശം നൽകി. അവസാന നിമിഷം യുഎസ് പുതിയ വ്യവസ്ഥകൾ മുന്നോട്ടുവച്ചത് അംഗീകരിക്കാനാകാത്തതാണെന്ന് കാർണി പറഞ്ഞു.
“ഇത് അന്യായവും സാമ്പത്തികമായി അസാധ്യവുമാണ്. ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും,” എന്ന നിലപാടാണ് കാനഡ സ്വീകരിച്ചത്.
ബില്യൺ കണക്കിന് ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ് നേടാനാകുമെന്ന കാനഡയുടെ പ്രതീക്ഷകൾ ഇതോടെ തകർന്നു. കാനഡയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ യുഎസ് തയ്യാറല്ലെന്ന് വ്യക്തമായതോടെയാണ് ചർച്ചകൾ അവസാനിച്ചതെന്ന് കാർണി വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാർണി പ്രസിഡന്റ് ട്രംപുമായി നിരവധി തവണ നേരിട്ട് സംസാരിച്ചിരുന്നു. താരിഫ് നടപ്പാക്കുന്നതിന് ട്രംപ് നേരത്തെ മൂന്ന് ദിവസത്തെ സാവകാശം നൽകിയിരുന്നെങ്കിലും ധാരണയിലെത്താൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞില്ല.
അതേസമയം, കാനഡ നേരത്തെ അംഗീകരിച്ച ചില വ്യവസ്ഥകളിൽ നിന്ന് പിന്നോട്ടുപോയതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് യുഎസ് ട്രേഡ് റെപ്രസെന്ററ്റീവ്സ് ഓഫിസ് ആരോപിച്ചു. സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, മരം തുടങ്ങിയ മേഖലകളിലെ താരിഫ് കുറയ്ക്കാൻ യുഎസ് തയ്യാറായിരുന്നുവെന്നും എന്നാൽ കാനഡ ആവശ്യമായ ഇളവുകൾ നൽകാൻ തയ്യാറായില്ലെന്നുമാണ് യുഎസ് നിലപാട്.
യുഎസുമായുള്ള പഴയ ബന്ധം ഇനി പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം കാനഡ തിരിച്ചറിഞ്ഞതായി കാർണി പറഞ്ഞു.
അതേസമയം, താരിഫ് പിൻവലിക്കണമെന്ന് വെർമോണ്ടിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ പീറ്റർ വെൽച്ച് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. താരിഫ് അമേരിക്കൻ കർഷകരെയും സാധാരണ കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അവരുടെ ക്ഷേമം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപാര തർക്കം രൂക്ഷമാകുന്നതോടെ വടക്കേ അമേരിക്കയിലെ സാമ്പത്തിക ബന്ധങ്ങളിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാകുമോയെന്ന ആശങ്കയും ശക്തമാകുകയാണ്.












































