കുടിശിക പിരിവിന് അനുനയ തന്ത്രം; കൊച്ചിയിൽ ഭൂരിഭാഗം കുടിശികക്കാരും

കാക്കനാട് ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റവന്യു കുടിശികക്കാരുള്ളത് കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന കണയന്നൂർ താലൂക്കിലാണ്. ഭീഷണിയും ജപ്തിയും അറസ്റ്റും ഉൾപ്പെടെയുള്ള മുൻകാല രീതി ഉപേക്ഷിച്ച് അനുനയത്തിലൂടെ കുടിശിക പിരിച്ചെടുക്കാനാണ് പുതിയ സർക്കാർ നിർദേശം.കുടിശിക സമാഹരിക്കാൻ സ്നേഹ സമ്മർദങ്ങളുമായാണ് ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. ഇതിനോടകം തന്നെ ഈ സാമ്പത്തിക വർഷം 41.39 കോടി രൂപ കുടിശിക കൊച്ചിയിൽ നിന്ന് പിരിച്ചെടുത്തതായി അധികൃതർ അറിയിച്ചു.സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കേ, ബാക്കി കുടിശിക പിരിവ് ശക്തമാക്കുന്നതിനായി റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസിന്റെ നേതൃത്വത്തിൽ നിരന്തര അവലോകനങ്ങൾ നടത്തുന്നുണ്ട്. സർക്കാർ നേരിട്ട് സ്റ്റേ ചെയ്ത 150 കോടി രൂപയുടെ കുടിശിക ഉൾപ്പെടെ, ജില്ലയിൽ ഏകദേശം 450 കോടി രൂപയുടെ കുടിശിക ഇപ്പോഴും സ്റ്റേയിലാണ്. കൂടാതെ, അപ്പീൽ അതോറിറ്റികളും കോടതികളും സ്റ്റേ ചെയ്തിരിക്കുന്ന കുടിശിക കോടിക്കണക്കിന് രൂപയിലധികമാണ്.സാധാരണക്കാരായ കുടിശികക്കാരിൽ നിന്ന് പണം ഈടാക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. ഇതുവഴി പിഴപ്പലിശ ഒഴിവാക്കുന്നതിനുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. കൊച്ചിയിലെ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനത്തിനു പുറമേ, വർഷങ്ങളായി കുടിശികയാക്കിയ തുകയും ഇനി വീണ്ടും സർക്കാർ ഖജനാവിലേക്ക് എത്തിക്കാനാണ് ശ്രമം. ഉദ്യോഗസ്ഥർ കുടിശികക്കാരുടെ വീടുകളിലെത്തി അവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി പരമാവധി വിഹിതം അടയ്ക്കാൻ പ്രേരിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.