
വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ചാപ്പലിലെ പ്രാർഥനയിൽ മാർപാപ്പ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു.
ശ്വാസതടസ്സത്തിൽ ആശ്വാസം; ഓക്സിജൻ തെറാപ്പി തുടരുന്നു
മാർപാപ്പയുടെ ശ്വാസതടസ്സം കുറയുകയും വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ ആശങ്ക വേണ്ടെന്ന നിലയിലേക്കുയരുകയും ചെയ്തതായി വത്തിക്കാൻ അറിയിച്ചു. ഓക്സിജൻ തെറാപ്പി തുടരുമ്പോഴും ലാബ് പരിശോധനാ ഫലങ്ങളിൽ പുരോഗതി കാണുന്നുവെന്നും അറിയിപ്പിൽ പറയുന്നു.
രാവിലെ വിശുദ്ധ കുർബാന സ്വീകരിച്ച മാർപാപ്പ, വൈകീട്ട് ഗാസയിലെ ഇടവക വികാരിയുമായി ടെലിഫോൺ സംഭാഷണം നടത്തി. 88 വയസ്സായ മാർപാപ്പയെ ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി ഫെബ്രുവരി 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികൾ ജപമാലയർപ്പണം നടത്തുകയും മാർപാപ്പയെക്കുറിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. തനിക്കായി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.