ലണ്ടനിൽ ഖലിസ്ഥാൻവാദികളുടെ ആക്രമണശ്രമം; ജയശങ്കറിന്റെ സുരക്ഷയെ കുറിച്ച് ഇന്ത്യക്ക് ആശങ്ക

ന്യൂഡൽഹി: യുകെയിൽ ഔദ്യോഗിക സന്ദർശനത്തിനിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ഖലിസ്ഥാൻവാദികളുടെ ആക്രമണശ്രമം. ലണ്ടൻ പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ഈ സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ലണ്ടനിൽ നടന്ന ഒരു പരിപാടിക്കിടെ, ഖലിസ്ഥാൻവാദികൾ ദേശീയപതാക ഉയർത്തിയ ശേഷമൊരാൾ ജയശങ്കറിന്റെ വാഹനത്തിനരികിലേക്ക് പാഞ്ഞെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സംഘർഷം തടയാൻ കഴിഞ്ഞെങ്കിലും പ്രതിക്ഷേധക്കാർ ഇന്ത്യയുടെ ദേശീയ പതാക കീറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തിന്റെയും ആക്രമണശ്രമത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയേക്കുറിച്ച് വിമർശനം ഉയർന്നിട്ടുണ്ട്. കർശന സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പ്രതിഷേധക്കാരെ നേരിടുന്നതിൽ ലണ്ടൻ പൊലീസിന്റെ സമീപനം നിർഭാഗ്യകരമെന്ന് വിദേശകാര്യ വൃത്തങ്ങൾ പ്രതികരിച്ചു.
മാർച്ച് 4 മുതൽ 9 വരെ യുകെയിൽ വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിയ ജയശങ്കറിന്റെ സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അറിയിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഇന്ത്യയും യുകെയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.