
ഒട്ടാവ ∙ കാനഡയിലെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റതോടെ ഇന്ത്യ-കാനഡ ബന്ധം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ ഉയരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് തകർന്ന ബന്ധം പുതിയ നേതൃത്വത്തിൽ മെച്ചപ്പെടുമെന്നാണു വിലയിരുത്തൽ.
ഇന്ത്യയുമായി വാണിജ്യബന്ധം ശക്തിപ്പെടുത്താനും വ്യാപാര മേഖലയിൽ വൈവിധ്യമുണ്ടാക്കാനുമാണ് കാർണി ലക്ഷ്യമിടുന്നത്. മുൻപ് കാനഡ സെൻട്രൽ ബാങ്കിന്റെയും ഇംഗ്ലണ്ട് ബാങ്കിന്റെയും ഗവർണറായിരുന്ന അദ്ദേഹം, ഇന്ത്യയിലെ സാമ്പത്തിക മേഖലകളെക്കുറിച്ചുള്ള പരിജ്ഞാനം ഉപയോഗപ്പെടുത്തി ഉഭയകക്ഷി സഹകരണത്തിനും നിക്ഷേപത്തിനും പ്രാധാന്യം നൽകും. ഇന്ത്യയിൽ വ്യാപക നിക്ഷേപം നടത്തിയ ബ്രൂക് ഫീൽഡ് അസറ്റ് മാനേജ്മെന്റിന്റെ തലപ്പത്ത് കാർണി പ്രവർത്തിച്ച അനുഭവവും ഇന്ത്യക്ക് ഗുണകരമാകും.
2023 സെപ്റ്റംബറിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായിരുന്നു. ഈ ആരോപണങ്ങളെ ഇന്ത്യ തള്ളി, തുടർന്ന് നയതന്ത്ര പ്രതിസന്ധിയിലേക്കും ഉന്നതതല നയതന്ത്രജ്ഞരെ പുറത്താക്കുന്നതിനും കാരണമായി.
ഇപ്പോൾ, കാനഡയിലെ പുതിയ ഭരണകൂടം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം വീണ്ടെടുക്കാൻ ചർച്ചകൾക്ക് സാധ്യതകൾ നൽകുമെന്ന് കരുതപ്പെടുന്നു. കുടിയേറ്റ നിയന്ത്രണങ്ങൾ, വീസ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചും പുതിയ സർക്കാരുമായി ഇന്ത്യ സംവദിക്കുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങൾക്കും പരസ്പര ആശയവിനിമയം ശക്തിപ്പെടുത്താൻ പുതിയ അവസരങ്ങൾ തേടുന്നുവെന്നത് ഉഭയകക്ഷി സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കും.