ന്യൂജേഴ്സിയിലെ ഇഫ്താർ വിരുന്നിൽ വിളമ്പിയത് സ്നേഹവും മതസൗഹാർദ്ദവും (മീട്ടു റഹ്മത്ത് കലാം)

ന്യൂജേഴ്‌സി: വിഷുസദ്യയുടെ വൈവിധ്യവും, ക്രിസ്മസ് കേക്കിൻറെ മധുരവും, മലബാർ ബിരിയാണിയുടെ മനംമയക്കുന്ന രുചിയും ഒരുപോലെ ആസ്വദിച്ച് വളർന്നത് മലയാളികളിൽ മതേതരത്വം ഊട്ടിയുറപ്പിക്കുന്നതിൽ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല! ബന്ധങ്ങൾ ദൃഢപ്പെടുത്താൻ ഭക്ഷണസൽക്കാരവും ഒത്തുചേരലുംകൊണ്ട് സാധിക്കുമെന്നും നമുക്കറിയാം. ഇഫ്താർ പാർട്ടികൾ പ്രസക്തമാകുന്നതും ഇക്കാരണങ്ങൾകൊണ്ടാണ്. നാടും വീടുംവിട്ട് പ്രവാസികളായി കഴിയുമ്പോൾ, ഉറ്റവരുടെ സ്ഥാനത്താണ് ചുറ്റുമുള്ള ഓരോരുത്തരും; അവിടെ ജാതിക്കോ മതത്തിനോ രാഷ്ട്രീയത്തിനോ ഒന്നും സ്ഥാനമില്ല!

കഴിഞ്ഞ വർഷങ്ങളിൽ റംസാൻ വ്രതാനുഷ്ഠാനത്തോട് അനുബന്ധമായ നോമ്പുതുറയിൽ മറ്റു മതസ്ഥരെക്കൂടി ഉൾച്ചേർത്ത് അമേരിക്കയിലെ മുസ്ലീങ്ങൾ ‘ഇന്റർഫെയ്‌ത്ത് ഇഫ്താർ’ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞവർഷത്തെ ഇഫ്താർ പാർട്ടിയിൽ പങ്കെടുത്തപ്പോഴാണ് അവർ നൽകിയ സ്നേഹത്തിന് പ്രത്യുപകാരം എന്നോണം മറ്റൊരു സ്നേഹവിരുന്ന് നല്കുന്നതിനെക്കുറിച്ച് അനിൽ പുത്തൻചിറ ആലോചിച്ചത്. എന്നാൽ, 2025-ലെ നോമ്പുകാലത്ത് മുസ്ലിം സുഹൃത്തുക്കൾക്ക് ഇഫ്താർ പാർട്ടി നൽകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, നൂറിലധികം പേരുടെ ഒത്തുചേരലിൻറെ ആഹ്വാനമാണ് നടത്തിയതെന്ന് ഓർത്തിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.


റീന & അനിൽ ദമ്പതികളുടെ ന്യൂജേഴ്സിയിലുള്ള വസതിയിലാണ് മാർച്ച് 9 ന് ഇഫ്താർ പാർട്ടി സംഘടിപ്പിച്ചത്. ഇഫ്താർ നൽകുന്നതിനെക്കുറിച്ചുള്ള ആലോചന പങ്കുവച്ചപ്പോൾ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ നിരവധി സുഹൃത്തുക്കൾ തങ്ങളും ഇതിൻറെ ഭാഗമാകാൻ ആഗ്രഹിക്കുന്നു എന്ന് നിറഞ്ഞമനസ്സോടെ പറഞ്ഞതിൻറെ ഫലമായാണ് അത്താഴവിരുന്ന് ഇമ്മിണി വലുതായിപ്പോയത്. വിശ്വാസങ്ങളെ ഹനിക്കുന്ന യാതൊന്നും ഉണ്ടാകരുതെന്ന് മാത്രമായിരുന്നു ഈ ഒത്തുചേരലിന് സാരഥ്യം വഹിക്കുമ്പോൾ പുത്തൻചിറ മുന്നോട്ടു വച്ച നിർദ്ദേശം; പാകം ചെയ്യാനാവശ്യമായ മാംസം ഹലാൽ സ്റ്റോറുകളിൽ നിന്നേ വാങ്ങാവൂ എന്ന് ആദ്യമേ അറിയിച്ചു! അവരവരുടെ അടുക്കളകളിൽ, സ്നേഹം പ്രധാന ചേരുവയായി ചേർത്ത വിഭവങ്ങളുമായെത്തി ഓരോരുത്തരും തീൻമേശ നിറച്ചു; മട്ടണും ചിക്കനും മീനും ചെമ്മീനുമൊക്കെയായി പ്രതീക്ഷയെ കടത്തിവെട്ടുന്ന സൽക്കാരമാണ് ന്യൂജേഴ്‌സിയിൽ നടന്നത്.

പണം കടം കൊടുത്താൽ അത് ശത്രുതയ്ക്ക് വഴിയൊരുക്കുമെന്ന് പറയുന്നതുപോലെ പണം ദാനം ചെയ്യുന്നത് സാഹോദര്യത്തിന് വഴിവയ്ക്കുമെന്ന് അനിൽ പുത്തൻചിറ ഓർമ്മിപ്പിച്ചു. ഇസ്‌ലാമിലെ ‘സക്കാത്ത്’ എന്ന ദാനകർമ്മം അതുകൊണ്ടാണ് മഹത്തരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “സക്കാത്ത് പണമുള്ളവൻ പാവപ്പെട്ടവനുനൽകുന്ന ഔദാര്യമല്ല; മറിച്ച് സമ്പന്നൻറെ സ്വത്തിൽ ദരിദ്രനുള്ള അവകാശമാണ്” എന്നത് തന്നെ ഏറെ സ്പർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു!

ഉള്ളവനും ഇല്ലാത്തവൻറെ ദാഹവും വിശപ്പുമറിയണം എന്ന ഉദ്ദേശത്തോടെയാണ് ഇസ്ലാം വ്രതാനുഷ്ഠാനം നിർബന്ധമാക്കിയിരിക്കുന്നത്. പകൽ ഉപവാസവും രാത്രി ഉപാസനയുമായി മുപ്പത് ദിനരാത്രങ്ങൾ!! പ്രാർത്ഥനയ്ക്കായി ഏറെ മണിക്കൂറുകൾ ചിലവഴിക്കുന്നതിനിടയിൽ വീട്ടിലുള്ളവർക്ക് നോമ്പുതുറക്കാൻ വിഭവങ്ങൾ തയ്യാറാക്കുന്നത് സസന്തോഷം ഏറ്റെടുക്കുന്ന മുസ്‌ലിം സഹോദരിമാർക്ക് ഒരു ദിവസത്തേക്ക് പാചകത്തിൽ നിന്ന് അല്പം വിശ്രമം നൽകാമെന്ന ഉദ്ദേശം കൂടിയുണ്ട്.

ഇഷാഖ് ഷബീറിൻറെ ഖുർആൻ പാരായണത്തിന് ശേഷമാണ് ഇഫ്താർ വിരുന്നിന് ആരംഭം കുറിച്ചത്. ഈന്തപ്പഴവും നാരങ്ങാവെള്ളവും വിതരണം ചെയ്തുകൊണ്ട് പതിവുരീതിയിൽ ഏവരും നോമ്പുതുറന്നു.
ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്‌ലിം സഹോദരി സഹോദരന്മാർക്ക് കൊടുക്കുന്ന ഒരു ഇഫ്‌താർ ഡിന്നർ എന്നുപറയുമ്പോൾ ഒത്തുചേരുന്നവരിൽ ഫോമാ, ഫൊക്കാന, WMC, WMF, കാഞ്ച്, മഞ്ച്, ഇന്ത്യ പ്രസ് ക്ലബ്, നന്മ, MMNJ, MMPA, എന്നിങ്ങനെ പല സംഘടനകളിലെയും അംഗങ്ങൾ ഉണ്ട്. സ്നേഹം, സാഹോദര്യം എന്നീ വികാരങ്ങളാണ് ഇവരെ ഒരുകുടക്കീഴിൽ നിർത്തിയത്.

സമയബന്ധിതമായി പരിപാടികൾ മുന്നോട്ടു പോകുന്നുവെന്ന് ഉറപ്പാക്കി, പരിപാടികൾക്ക് ചുക്കാൻ പിടിച്ച ശ്രീ സ്വപ്ന രാജേഷ് ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിച്ചു. ഇഫ്താറിൽ പങ്കെടുത്ത മുസ്‌ലിം സ്ത്രീകൾ ചേർന്ന് അനിലിനും റീനയ്ക്കും തങ്ങൾ കരുതിവച്ച സ്നേഹോപഹാരം കൈമാറി.
അമേരിക്കയിലെ മറ്റു ഇടങ്ങളിലുള്ളവർക്കും പുത്തൻചിറ കുടുംബം തുടങ്ങിവച്ച ഈ ഇഫ്താർ പാർട്ടി മാതൃകയാകുമെന്ന് ‘നന്മ’യുടെ സഹസ്ഥാപകനും റിസേർച്ച് സയന്റിസ്റ്റുമായ സമദ് പൊന്നേരി അഭിപ്രായപ്പെട്ടു. മത രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി മലയാളികൾ എങ്ങനെ വിജയിക്കുന്നു എന്നതിൻറെ ഉത്തമ ഉദാഹരണമായി, അമേരിക്കയിലെ മലയാളികൾക്കെല്ലാം മാതൃകയായി, ന്യൂജേഴ്സിയിലെ ഒരു കുടുംബം മുൻകൈയെടുത്ത് തുടങ്ങിവച്ച മതസഹാർദ്ദ ഇഫ്താർ വിരുന്ന്, പരസ്പര സ്നേഹവും കരുതലും നന്മയും കാത്തു സൂക്ഷിക്കേണ്ട സന്ദേശമാണ് ലോകത്തിന് പകർന്നു നൽകുന്നത് എന്ന് സമദ് പൊന്നേരി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി മതത്തിൻറെ പേരിൽ സമൂഹമാധ്യമങ്ങളിൽ ചെളിവാരി എറിയുന്നവരുടെ കണ്ണുതുറപ്പിക്കാൻ ഇത്തരം ഒത്തുചേരലുകൾകൊണ്ട് സാധിക്കുമെന്ന് കെഎംസിസി (USA) പ്രസിഡന്റ് യു.എ. നസീർ പറഞ്ഞു. കഴിഞ്ഞ അൻപത് വർഷങ്ങളിലേറെയായി കേരളത്തിലെ മുഖ്യമന്ത്രിമാരുമായും പ്രതിപക്ഷനേതാക്കളുമായും മതനേതാക്കളുമായും പങ്കെടുത്തിട്ടുള്ള ഇഫ്താറുകളിൽ നിന്ന് വ്യത്യസ്തവും ഹൃദയത്തോട് ചേർന്നുനിൽക്കുന്നതും അവിസ്മരണീയവുമാണ് ന്യൂജേഴ്സിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു! നോമ്പ് അനുഷ്ഠിക്കുന്നതുപോലെ തന്നെ അത് തുറപ്പിക്കുന്നതും പുണ്യമാണെന്നും, ആ പുണ്യം ഇഫ്താർ ഒരുക്കിയ സഹോദരങ്ങൾക്ക് ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അമേരിക്കൻ മലയാളികൾക്കിടയിലെ സൗഹൃദം ശക്തിപ്പെടുത്താൻ ഇത്തരം ഒത്തുചേരലുകളിലൂടെ സാധിക്കട്ടെ എന്ന് ഇരഞ്ഞിക്കൽ ഹനീഫ് ആശംസാ പ്രസംഗത്തിൽ ഊന്നി പറഞ്ഞു! ഭക്ഷണം പങ്കിടുന്നതിനോളം വലിയ സ്നേഹപ്രകടനമില്ലെന്നും ഇഫ്താർ നൽകുന്ന സന്ദേശം ആ സ്നേഹത്തിന്റേതാണെന്നും ഡബ്ലിയുഎംഎഫ് ഗ്ലോബൽ കോ-ഓർഡിനേറ്റർ ഡോ. ആനി ലിബു പ്രസ്‌താവിച്ചു. പരസ്പരസ്നേഹത്തിലും കാരുണ്യത്തിലും ഉദാരതയിലും ഊന്നിക്കൊണ്ടാണ് അവർ സംസാരിച്ചത്.

2035 ആകുമ്പോൾ കേരളത്തിൽ അർബുദ രോഗികളെക്കാളും പ്രമേഹരോഗികളെക്കാളും കൂടുതൽ വിഷാദരോഗികൾ ഉണ്ടാകുമെന്ന് ഒരു മനോരോഗ വിദഗ്ധൻ പറഞ്ഞത് ചിന്തനീയമാണെന്ന് ഫോമായുടെ മുൻ പ്രസിഡന്റ് അനിയൻ ജോർജ്ജ് ചൂണ്ടിക്കാട്ടി. ലഹരിയുടെ പണത്തിനുപിറകേ പായുന്ന തലമുറയ്ക്ക് നിർദ്ദേശിക്കാവുന്ന ഒറ്റമൂലിയാണ് മതസൗഹാർദ്ദമെന്ന് അദ്ദേഹം അടിവരയിട്ടു. എല്ലാമതങ്ങളും പഠിപ്പിക്കുന്നത് സമാധാനത്തെക്കുറിച്ചാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അമേരിക്കയിൽ വന്ന ആദ്യകാലങ്ങളിൽ മുസ്‌ലിം സുഹൃത്തുക്കൾ അവരുടെ വീടുകളിൽ നൽകിയ ഇഫ്താറിനെക്കുറിച്ച്, അമേരിക്കൻ മലയാളികൾക്കിടയിൽ ആമുഖം ആവശ്യമില്ലാത്ത ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ സംസാരിച്ചു! ന്യൂയോർക്ക് സ്റ്റേറ്റിൻറെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുള്ള വ്യവസായ പ്രമുഖൻ ദിലീപ് വർഗീസിൻറെയും അദ്ദേഹത്തിൻറെ പത്നി കുഞ്ഞുമോളുടെയും അഭിപ്രായത്തിൽ, “എണ്ണം പറയാൻ പറ്റാത്തയത്ര ക്രിസ്മസ്, ഓണം, തിരുവാതിര തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്; എന്നാൽ 45 വർഷത്തെ അമേരിക്കൻ ജീവിതത്തിൽ ആദ്യമായാണ്, കേരളത്തിൽ ജനിച്ചു വളർന്ന്, അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഒരു ക്രിസ്ത്യൻ ഫാമിലി ഇഫ്താർ നടത്തുന്നത് കേൾക്കുന്നതും കാണുന്നതും”.

ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല എന്നുതുടങ്ങുന്ന ഗാനമാണ് തനിക്ക് ഓർമ്മവരുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു! ഭക്തിസാന്ദ്രമായ റമദാനിൽ ഏവർക്കും അദ്ദേഹം നന്മ ആശംസിച്ചു.
ആത്മീയ നവീകരണത്തിന്റെയും അച്ചടക്കത്തിന്റെയും അനുകമ്പയുടെയും സമയമാണ് റമദാനെന്ന് ഇ-മലയാളി മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു. ഒരുമിച്ച് നോമ്പുതുറക്കുമ്പോൾ തെറ്റിദ്ധാരണയുടെ തടസ്സങ്ങൾ കടക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് താൻ മുസ്‌ലിം ഭൂരിപക്ഷമുള്ള ഗ്രാമത്തിലാണ് ജനിച്ചുവളർന്നതെന്നും പത്തിരിയും പൊറോട്ടയും മൂവാണ്ടൻ മാങ്ങയും പപ്പായയും കൊണ്ട് അവർ നൽകിയിരുന്ന സ്നേഹവിരുന്നിൻറെ ഓർമ്മകളും പങ്കുവച്ചു.

അമേരിക്കയിൽ വർഗീയ ചേരിതിരിവിന് ഇടമില്ലെന്ന് ഇങ്ങനെയുള്ള ഇഫ്‌താർ വിരുന്നുകൾ തെളിയിക്കുന്നതായി പങ്കെടുത്തവർ പറഞ്ഞു. മഗ്‌രിബ് (സന്ധ്യാസമയത്തെ പ്രാർത്ഥന) ബാങ്കുവിളിക്കായി ഏവരും ഒരുമനസ്സോടെ കാതോർക്കുകയും കണ്ണടച്ച് തങ്ങളുടെ നാഥനിലേക്ക് മനസ്സർപ്പിക്കുകയും ചെയ്ത നിമിഷം, ഭക്തി എന്ന വികാരത്തിന് മതഭേദമില്ലെന്ന സന്ദേശമാണ് നൽകിയത്!

മാനവികതയുടെ കാര്യത്തിൽ, ക്രിസ്ത്യാനികളോ, ഹിന്ദുക്കളോ, മുസ്ലീങ്ങളോ, മറ്റേതെങ്കിലും മതസ്ഥരോ എന്ന വ്യത്യാസമില്ലാതെ, ഏവരും സഹോദരീസഹോദരന്മാരാണ് എന്നും മാനുഷിക മൂല്യങ്ങൾക്കാണ് പ്രാധാന്യമെന്നും ഈ വിരുന്ന് അടിവരയിടുന്നു.






















