തമിഴ്നാട് വിഘടനവാദം പ്രോത്സാഹിപ്പിക്കുകയാണ്; രൂപ ചിഹ്നം ഒഴിവാക്കിയത് അപകടകരം: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: തമിഴ്നാട് ബജറ്റ് ലോഗോയില്‍ നിന്ന് രൂപ ചിഹ്നം ഒഴിവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇത് വിഘടനവാദത്തിനുള്ള പ്രോത്സാഹനമാണെന്നും, ഇന്ത്യയുടെ ഐക്യത്തെയും സാമ്പത്തിക പ്രതിച്ഛായയെയും ദുര്‍ബലപ്പെടുത്തുന്ന അപകടകരമായ മനോഭാവത്തിന്റെ പ്രകടമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
“ഭാഷയുടെയും പ്രാദേശിക വര്‍ഗീയതയുടെയും പേരില്‍ വിഘടനവാദ വികാരങ്ങള്‍ ഉണര്‍ത്താനുള്ള നീക്കമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തുന്നത്. ഈ നടപടിക്ക് പിന്നിലെ ഉദ്ദേശ്യമെന്താണ്?” നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.
രൂപയുടെ ചിഹ്നം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതും ആഗോള സാമ്പത്തിക ഇടപാടുകളില്‍ ഇന്ത്യയുടെ പ്രതിനിധിയായിത്തീര്‍ന്നതുമാണെന്ന് ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. “UPI വഴി അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യത്തില്‍, ദേശീയ കറന്‍സി ചിഹ്നത്തെ ദുര്‍ബലപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതോ?” എന്നും അവര്‍ ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷാ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ ആനുകൂല്യപരമായ സമീപനം സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പരാമര്‍ശം.