KeralaLatest News

കെ ജി സുബ്രഹ്‌മണ്യത്തിന്റെ വിവിധ സംഭാവനകളെ അനുസ്മരിച്ച് സെമിനാര്‍

കൊച്ചി: കേരളത്തില്‍ ജനിച്ച് ലോകപ്രസിദ്ധിയാര്‍ജിച്ച കലാകാരനും കലാനിരൂപകനും അധ്യാപകനുമായിരുന്ന കെ ജി സുബ്രഹ്‌മണ്യം പലപ്പോഴും കലാകാരര്‍ക്ക് ഒരു കലാഭാഷ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നുവെന്ന് വിശ്രുത കലാചരിത്രകാരനും നിരൂപകനും ക്യുറേറ്ററും ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലെ കലാചരിത്ര അധ്യാപകനുമായ ആര്‍. ശിവ കുമാര്‍ പറഞ്ഞു. കെ ജി സുബ്രഹ്‌മണ്യം: കല, ജീവിതം, കാഴ്ചപ്പാട് എന്ന വിഷയത്തില്‍ കേരള ലളിതകലാ അക്കാദമി കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുബ്രഹ്‌മണ്യത്തിന്റെ തന്നെ കലാഭാഷ ക്യൂബിസവുമായുള്ള അതിന്റെ ആദ്യകാല കൊടുക്കല്‍ വാങ്ങലുകള്‍ക്കു ശേഷം എങ്ങനെ മറ്റ് കലാപ്രസ്ഥാനങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമായി സംവദിച്ച് വികസിച്ചുവെന്നും ശിവ കുമാര്‍ പറഞ്ഞു.

1961ലുണ്ടായ ഫൈന്‍ ആര്‍ട് ഫെയറിന് സുബ്രഹ്‌മണ്യം നല്‍കിയ സംഭാവനകളെ ബറോഡ എം എസ് യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഇന്ദ്രപ്രമിത് റോയ് അനുസ്മരിച്ചു. ശാന്തിനികേതനിലെ പെയ്ന്റിംഗ് വിഭാഗത്തില്‍ ശേഖരിച്ചിട്ടുള്ള അക്കാലത്തെ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലൂന്നി സംസാരിച്ച അദ്ദേഹം സുബ്രഹ്‌മണ്യത്തിന്റെ ഏറെ അറിയപ്പെടാത്തതും അവിശ്വസനീയവുമായ കലാ ആവിഷ്‌കാരങ്ങളെ ഉയര്‍ത്തിക്കാട്ടി. സുബ്രഹ്‌മണ്യത്തിന്റെ കലാസൃഷ്ടികളില്‍ ആളുകള്‍ വെറും ആളുകളാകാതെ അതീത ആളുകള്‍ (മെറ്റാ പീപ്പ്ള്‍) ആകുന്നുവെന്ന് സാംസ്‌കാരിക നിരൂപകനും ക്യുറേറ്ററും എഴുത്തുകാരനുമായ ജോണി എം എല്‍ നിരീക്ഷിച്ചു. സുബ്രഹ്‌മണ്യം ഏറെ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളും മെറ്റീരിയിലുകളും ഉപയോഗിച്ചിരുന്നത് ഓര്‍മിച്ച എം എസ് യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. ജയറാം പൊതുവാള്‍ ഇല്ലസ്‌ട്രേറ്റഡ് പുസ്തകങ്ങള്‍ക്ക് സുബ്രഹ്‌മണ്യം നല്‍കിയ സംഭാവനകളേയും അനുസ്മരിച്ചു. നര്‍മത്തില്‍ ചാലിച്ച അദ്ദേഹത്തിന്റെ ഇലസ്‌ട്രേഷനുകളുടെ വേരുകള്‍ ടാഗോറിന്റെയും മലയാളി എഴുത്തുകാരന്‍ സഞ്ജയന്റേയുമെല്ലാം തുടര്‍ച്ചയായി കാണാവുന്നതാണെന്നും സെമിനാറിന്റെ ക്യൂറേറ്റര്‍ കൂടിയായ ഡോ. പൊതുവാള്‍ പറഞ്ഞു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് അധ്യക്ഷനായി. സെക്രട്ടറി എബി എന്‍ ജോസഫ്, അക്കാദമി നിര്‍വാഹക സമിതി അംഗം ഉണ്ണി കാനായി എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button