CommunityFeaturedGlobalLatest NewsObituary

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു;

റോം: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. ഇറ്റാലിയൻ സമയം രാവിലെ 7.35ന്, ഈസ്റ്റർ പിറന്ന തിങ്കളാഴ്ചയാണ് മാർപാപ്പ അന്തരിച്ചത്. വത്തിക്കാനാണ് ഔദ്യോഗികമായി മരണവാർത്ത സ്ഥിരീകരിച്ചത്.

ഏകദേശം ഒരു മാസത്തോളം കടുത്ത ന്യുമോണിയയെ തുടർന്ന് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് അസുഖം ഭേദമായതിനെ തുടർന്ന് തിരികെ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന കാലത്ത് നിരവധി ദിവസങ്ങൾ വെൻറിലേറ്ററിൻ്റെ സഹായം ആവശ്യമായിരുന്നു.

ഇന്നലെ ഈസ്റ്റർദിനത്തിൽ പാപ്പായ്ക്ക് കുർബാന അർപ്പിക്കാനായില്ല. പകരം ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സമാധാന സന്ദേശം അദ്ദേഹം ലോകത്തിന് നൽകി. അതേ ദിവസം അമേരിക്കൻ വൈസ്പ്രസിഡൻ്റ് ജെ.ഡി വാൻസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ അർപ്പിച്ചിരുന്നു.

2013 മാർച്ച് 13-നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത്‌ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ രാജിവച്ചതിനെത്തുടർന്നാണ് അദ്ദേഹം ചുമതലയേറ്റത്. ഫ്രാൻസിസ് മാർപാപ്പ എന്ന പേരിലാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. യൂറോപ്പിനു പുറത്തുനിന്ന്, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായും അദ്ദേഹം ചരിത്രത്തിലേക്ക് കടന്നുവായിരുന്നു. ഇത്തരത്തിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത് 1,272 വർഷത്തിനുശേഷമായിരുന്നു.

വത്തിക്കാനിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ കർദ്ദിനാൾ ഫാരെൽ ആണ് മാർപാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാൻസിസിന്റെ മരണം അഗാധമായ ദുഃഖത്തോടെ ഞാൻ പ്രഖ്യാപിക്കണം. ഇന്ന് രാവിലെ 7.35ന്, റോമിലെ ബിഷപ്പ് ഫ്രാൻസിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. കര്‍ത്താവിന്റെയും സഭയുടെയും സേവനത്തിന് തന്റെ മുഴുവൻ ജീവിതവും സമർപ്പിച്ച അദ്ദേഹം സുവിശേഷത്തിന്റെ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി ജീവിച്ചു. ദരിദ്രർക്കും അതിസങ്കടത്തിലിരിക്കുന്നവർക്കുമൊപ്പമായാണ് അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ മാതൃകക്ക് ഞങ്ങൾ അതിരറ്റ നന്ദിയോടെ, അദ്ദേഹത്തിന്റെ ആത്മാവിനെ ദൈവത്തിന്റേതായ കരുണാസ്നേഹത്തിൽ സമർപ്പിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button