ക്രൈസ്തവ രാജ്യങ്ങളില്‍ പോലും ക്രിസ്ത്യാനികള്‍ ന്യൂനപക്ഷം ആകുന്നു; ക്ലീമിസ് ബാവ

കാലം ചെയ്ത ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി ആഗോള കത്തോലിക്കാ സഭയുടെ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍ സംഘത്തിന്റെ കോണ്‍ക്ലേവിന് ഈ മാസം ഏഴിന് തുടക്കമാവുകയാണ്. റോമിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ വോട്ടെടുപ്പിലൂടെ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കും.
ആഗോള ലത്തീന്‍ സഭയോടു ചേര്‍ന്ന് 23 പൗരസ്ത്യ സഭകളും പുതിയ മാര്‍പാപ്പയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന 133 കര്‍ദിനാള്‍മാരില്‍ അഞ്ചുപേര്‍ പൗരസ്ത്യ സഭകളില്‍നിന്നുള്ളവരാണ്. പുരാതനവും വ്യത്യസ്തവുമായ ആത്മീയ, ആരാധനാ പാരമ്പര്യങ്ങളുള്ള സ്വതന്ത്ര സഭകളാണ് 23 പൗരസ്ത്യ സഭകളും. ഈ സഭകളും ലത്തീന്‍ സഭയോടുചേര്‍ന്ന് മാര്‍പാപ്പയെ തങ്ങളുടെ മേലധികാരിയായി അംഗീകരിക്കുന്നു.
കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ അംഗവും വോട്ടവകാശമുള്ളതുമായ പൗരസ്ത്യ കര്‍ദിനാള്‍മാരിലൊരാളുമാണ് കേരളത്തിലെ സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും മേലധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്. 1959 ല്‍ ജനിച്ച ഐസക് തോട്ടുങ്കല്‍ 1986 ല്‍ മലങ്കര കത്തോലിക്കാ സഭയില്‍ വൈദികനായി. 2001 ല്‍ ബിഷപ്പായി അഭിഷിക്തനായ അദ്ദേഹം മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി 2007 സഭാ സിനഡ് തെരഞ്ഞെടുത്തു. 2012 ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിടവാങ്ങള്‍ ചടങ്ങുകളോട് അനുബന്ധിച്ച് വത്തിക്കാനിലെത്തിയ ക്ലീമ്മിസ് ബാവ കഴിഞ്ഞ ദിവസമാണ് ലേഖകനുമായി ഫോണില്‍ സംസാരിച്ചത്. ആഗോള ക്രൈസ്തവ സഭ നേരിടുന്ന പ്രതിസന്ധികളും അത് അതിജീവിക്കുന്നതിനുള്ള വഴികളും അടക്കം വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. അതോടൊപ്പം ‘ദ പില്ലര്‍’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗവും കൂടി ഉള്‍പ്പെടുത്തിയാണ് ഈ അഭിമുഖം തയാറാക്കിയിരിക്കുന്നത്.
പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലേക്ക് കടുക്കുകയാണ്?
2012 ല്‍ ബെനഡിക്ട് മാര്‍പാപ്പയാണ് എന്നെ കര്‍ദിനാളായി തെരഞ്ഞെടുത്ത് അഭിഷേകം ചെയ്തത്. അദ്ദേഹത്തിന്റെ രാജിക്കുശേഷം പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍ സംഘത്തില്‍ അംഗമായത് പുതിയൊരു അനുഭവമായിരുന്നു. ആ വോട്ടെടുപ്പില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തു.
അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ച നടത്തുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനും സാധിച്ചിട്ടുണ്ട്. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ മരണത്തിനുശേഷം കത്തോലിക്കാ സഭയുടെ അടുത്ത തലവനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള ഏകദേശം അര ദശലക്ഷം മലങ്കര കത്തോലിക്കരുടെ പ്രതിനിധിയായും കേരളത്തിലെ മെത്രാന്‍ സംഘത്തിന്റെ പ്രതിനിധിയുമായാണ് ഈ കോണ്‍ക്ലേവില്‍ സംബന്ധിക്കുന്നത്.
കര്‍ദിനാള്‍മാരുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ടോ?
ഇന്ത്യയില്‍ കേന്ദ്രീകൃതമായ പൗരസ്ത്യ സഭയുടെ തലവനെന്ന നിലയില്‍ നിരവധി ലത്തീന്‍ കര്‍ദിനാള്‍മാരുമായി നല്ല ബന്ധമുണ്ട്. മാര്‍പാപ്പ വിളിച്ചുചേര്‍ക്കുന്ന കര്‍ദിനാള്‍മാരുടെ യോഗങ്ങളില്‍ സംബന്ധിച്ചതു കൊണ്ടുതന്നെ മിക്ക ലത്തീന്‍ കര്‍ദിനാള്‍മാരുമായും അടുത്തു പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. പുതുതായി നിരവധി കര്‍ദിനാള്‍മാരെ മാര്‍പാപ്പ തെരഞ്ഞെടുത്ത് വാഴിച്ചിട്ടുണ്ട്. അവരുമായി അത്ര അടുപ്പമില്ല. കോണ്‍ക്ലേവിന്റെ ഈ ദിവസങ്ങളില്‍ എല്ലാവരുമായി സംവദിക്കാനും പരിചയപ്പെടാനും സാധിക്കുന്നുണ്ട്.
പുതിയ കാലഘട്ടത്തില്‍ സഭയ്ക്ക് വലിയ ഉത്തരവാദിത്വങ്ങളാണുള്ളത്?
കത്തോലിക്കാ സഭയെന്നത് ദൈവികമായ ഒരു കൂട്ടായ്മയാണ്. ഈ സഭയെ നയിക്കാന്‍ യേശു തന്റെ ശിഷ്യനായ പത്രോസിനെ ഏല്‍പിച്ചതാണ്. ആയതിനാല്‍ വി. പത്രോസിന്റെ പിന്‍ഗാമികള്‍ ക്രിസ്തുവിന്റെ വികാരിമാരാണ്. മനുഷ്യവര്‍ഗത്തിന്റെ ഐക്യവും ദൃഢതയും സഭകള്‍ തമ്മിലുള്ള ഐക്യവും ഉറപ്പുവരുത്തുന്നതാണ് പത്രോസിന്റെ ദൗത്യം. അതിനാല്‍ മാര്‍പാപ്പ വെറുമൊരു ലോകനേതാവ് മാത്രമല്ല, ആകമാന സഭയുടെ ആത്മീയ പിതാവും വി. പത്രോസിന്റെ പിന്‍ഗാമിയുമാണ്. സമൂഹത്തിന്റെ ആവശ്യങ്ങളില്‍ സഹായിക്കുകയും പാവപ്പെട്ടവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുകയും ചെയ്യുകയെന്നതും ഒരു മാര്‍പാപ്പയുടെ കടമയാണ്.
പുതിയ മാര്‍പാപ്പയുടെ ദൗത്യം ദുഷ്‌കരമാണ്. ആരാകുമെന്ന സൂചനയുണ്ട?
ഇപ്പോഴത്തെ ലോകത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങളും സഭ നേരിടുന്ന പ്രശ്നങ്ങളും ഓരോ കര്‍ദിനാള്‍മാരും പങ്കുവയ്ക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന മാര്‍പാപ്പയ്ക്കു സാധിക്കണം. എന്നാല്‍ അത് ആരായിരിക്കുമെന്നോ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നോ ഇപ്പോള്‍ പറയാനാവില്ല.
സഭയെ പൂര്‍ണമായി നയിക്കാന്‍ കഴിവുള്ള ഒരു വ്യക്തിയെയാണ് ഇന്ന് സഭയ്ക്ക് ആവശ്യം. തെരഞ്ഞെടുക്കപ്പെടുന്ന പത്രോസ് സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നയാളാവണം. സഭയിലും ലോകത്തും സമാധാനവും ഐക്യവും സാഹോദര്യവും വളര്‍ത്തിയെടുക്കുന്ന വ്യക്തിയായിരിക്കണം സഭയുടെ തലവന്‍.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വീക്ഷണം തുടരുമോ?
പാവങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട സഭ എന്നതായിരുന്നു പോപ്പ് ഫ്രാന്‍സീസ് പറഞ്ഞിരുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഒരു പകരം സംവിധാനമല്ല സഭ. മറിച്ച് സഭയെന്നത് ഒരു ആത്മീയ യാഥാര്‍ഥ്യവും അതിന്റെ കരുത്ത് സുവിശേഷവും സഭയുടെ ആത്മീയ പൈതൃകവുമാണ്. സഭയ്ക്ക് രണ്ടുവിധത്തിലുള്ള ദൗത്യങ്ങളാണുള്ളത്. ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മുന്നിട്ടിറങ്ങുന്നതോടൊപ്പം അംഗങ്ങളായ സഭാ വിശ്വാസികളുടെ ആത്മീയ സുസ്ഥിതിയും സഭയുടെ ദൗത്യങ്ങളാണ്.
സഭ വളരുന്ന ഏഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ വരുമോ പുതിയ പോപ്പ്?
ഭൂഖണ്ഡങ്ങള്‍ക്കല്ല വ്യക്തികള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം. ഒരു വ്യക്തിയുടെ കാഴ്ചപ്പാട്, സംസാരിക്കാനുള്ള കഴിവ്, ഒരുമിച്ച് കൊണ്ടുപോകാനുള്ള ആര്‍ജവം, ചര്‍ച്ചകള്‍ക്കു തയാര്‍, സമാധാനത്തിന്റെ വ്യക്തി എന്നിങ്ങനെയുള്ള വ്യക്തിപരമായ ഗുണങ്ങളുള്ള വ്യക്തിയായിരിക്കണം സഭയുടെ മേലധികാരിയായി വരേണ്ടത്. ഇങ്ങനെയുള്ള വ്യക്തിയായിരിക്കണം പത്രോസിന്റെ പിന്‍ഗാമിയാകേണ്ടത്.
സിനഡാത്മക സഭയില്‍ കൂടുതല്‍ പങ്കുവയ്ക്കലുകളും പങ്കാളിത്തവും ആവശ്യമാണ്. എല്ലാ വിശ്വാസികള്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതും ഒരു മേശയ്ക്കു ചുറ്റും അവര്‍ക്കും ഇരിക്കാന്‍ സാധിക്കുകയും വേണം. സിനഡാത്മക സഭയില്‍ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. ഇവയെല്ലാം നിറവേറ്റുമ്പോഴാണ് ഒരു സിനഡാത്മക സഭയാകുന്നത്.
ഇന്ത്യയിലെ ക്രൈസ്തവരോട് എന്താണ് പറയാനുള്ളത്.
തങ്ങളുടെ ജീവിതത്തില്‍ ദൈവിക സങ്കല്‍പം അടിസ്ഥാനപരമായി പേറുന്നവരാണ് ഇന്ത്യക്കാര്‍. ജനനംമുതല്‍ മരണംവരെ ഒരാളെ ബാധിക്കുന്ന ഒന്നാണ് അവന്റെ മതവും ദൈവവിശ്വാസവും. എഡി 52 ല്‍ ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായില്‍നിന്നു വിശ്വാസം സ്വീകരിച്ചവരാണ് ഇന്ത്യക്കാര്‍. അതുകൊണ്ടാണ് സെന്റ് തോമസ് ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷമായ ഹൈന്ദവര്‍ മറ്റു മതവിശ്വാസികളെ സ്വീകരിക്കാന്‍ സന്മനസുള്ളവരാണ്.
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇന്ന് ന്യൂനപക്ഷമാണ്. ക്രിസ്തീയ രാജ്യങ്ങളെന്നു വിളിക്കപ്പെട്ടിരുന്ന രാജ്യങ്ങളില്‍പോലും ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭീഷണികളും വെല്ലുവിളികളും മതപീഡനങ്ങളും നേരിടേണ്ടി വരുന്നുണ്ടെങ്കിലും സഭ അതിന്റെ ആഴത്തിലും വിശ്വസ്തതയിലും തന്റെ ദൗത്യം തുടരുന്നുണ്ട്. ഇന്ത്യയില്‍ ന്യൂനപക്ഷമാണെങ്കിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും ക്രൈസ്തവര്‍ ചെയ്യുന്നുണ്ട്. ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വൃദ്ധ, ബാലസദനങ്ങള്‍ തുടങ്ങി നിരവധി സാമൂഹിക സേവനങ്ങള്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ നിര്‍വഹിക്കുന്നുണ്ട്.
റോമിലും തിരക്കിട്ട പരിപാടികളാണ്?
റോമിലെ തിരക്കുകള്‍ക്കിടയിലും വ്യക്തിപരമായ പ്രാര്‍ഥനകള്‍ക്ക് സമയം കണ്ടെത്തുന്നുണ്ട്. വലിയൊരു ദൗത്യത്തിനായാണ് ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്. അത് വിജയപ്രദമായി പൂര്‍ത്തിയാക്കാന്‍ ദൈവകരുണ ആവശ്യമാണ്. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ വിജയത്തിനായി നിരവധി ആളുകള്‍ പ്രാര്‍ഥിക്കുന്നുണ്ട്.
പുറംലോകത്തെ സംബന്ധിച്ചിടത്തോളം, ഒരു ലോക നേതാവിനെ പോപ്പായി തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുന്നു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം സഭയുടെ പരമാധികാരിയെയും പിതാവിനെയുമാണ് തെരഞ്ഞെടുക്കുന്നത്. ഇത് തികച്ചും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. ഓരോ കര്‍ദിനാള്‍മാരും ഓരോ ലെവലിലായിരിക്കും. എന്നാല്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വ്യക്തമായി അനുഭവിച്ചിട്ടുണ്ട്. ഇക്കുറിയും അങ്ങനെ തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്.
ഡോ. ജോര്‍ജ് എം. കാക്കനാട്