AmericaCommunityLatest News

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും

ചിക്കാഗോ: ചിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും  പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മെയ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടത്തപെടുന്ന ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണ തിരുക്കർമ്മങ്ങൾക്ക് ശേഷമായിരിക്കും വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുക. 2010 ജൂലൈ മാസത്തിൽ കൂദാശചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചുവർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പങ്കാളിത്വത്തിൽ ആഗോള ക്നാനായ സമൂഹത്തിലെ തന്നെ ഏറ്റവും വലിയ ഇടവകയായി കരുതപ്പെടുന്ന ചിക്കാഗോ സെന്റ് മേരീസ്, ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾക്കും സജീവമായ മിനിസ്ട്രികളുടെ പ്രവർത്തനങ്ങൾക്കും പുറമെ, ആഗോള ക്നാനായ സമൂഹത്തിൽ നിസ്തുലമായ സേവന സന്നദ്ധ പ്രവർത്തനങ്ങളും നടത്തിവരുന്നു. ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സഹായങ്ങൾ നിർല്ലോഭമായി ചെയ്തുവരുന്ന ഇടവക എന്ന നിലക്ക്, ഈ ഇടവകയുടെ വാർഷികാഘോഷങ്ങൾ മാതൃകാപരമായി തന്നെ നടത്തേണ്ടതുണ്ട് എന്ന ബോധ്യത്തോടെയാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ ആഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്നത് ഈ ദൈവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ച അഭി. മാർ മാത്യു മൂലക്കാട്ട് പിതാവാണ് എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവിന് നൽകുന്ന സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികൾ മികച്ച രീതിയിൽ തന്നെ നടത്തുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ അറിയിച്ചു. ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി  ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയോടൊപ്പം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി ആർ ഓ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ  ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button