ടെക്സസ് : ടെറലിലെ ‘ദി സ്കൂബ റാഞ്ച്’ എന്ന സ്ഥാപനത്തിൽ സ്കൂബ ഡൈവിങ് സർട്ടിഫിക്കേഷൻ കോഴ്സിനിടെ 12 വയസ്സുകാരി മുങ്ങിമരിച്ച സംഭവത്തിൽ ഗുരുതരമായ ദുരൂഹതകൾ ഉയരുന്നുണ്ട്. ഓഗസ്റ്റ് 16-ന് പരിശീലനത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് ഡിലൻ ഹാരിസൺ എന്ന പെൺകുട്ടിയാണ്. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
പരിശീലന ക്ലാസ്സിനിടെ കാണാതായ ഡിലനെ പിന്നീട് വെള്ളത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. മരണത്തിന്റെ സാഹചര്യങ്ങൾ വ്യക്തമല്ലെന്ന നിലപാടിലാണ് കുടുംബം. പ്രത്യേകിച്ച്, ക്ലാസ്സിനിടെ തന്നെ ഉണ്ടായിരുന്ന ഡൈവ് ഇൻസ്ട്രക്ടർ ബിൽ ആംസ്‌ട്രോങ് വെള്ളത്തിൽ നിന്ന് പുറത്തായിരുന്നതിനെയും, ഒട്ടും നനയാതെ ഇരുന്നതായും കുടുംബത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആംസ്‌ട്രോങ് കോളിൻ കൗണ്ടിയിലെ അസിസ്റ്റന്റ് ചീഫ് ഡപ്യൂട്ടിയുമാണ്.
കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥർ പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഡ്രൈവ് കംപ്യൂട്ടറുകളിൽ നിന്ന് ഡാറ്റ ശേഖരിച്ചിട്ടില്ലെന്നും, അവയിൽ ഒന്നും ഇപ്പോൾ കാണാതായിരിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. ഡിലൻ മരിച്ച സമയത്ത് എട്ട് വിദ്യാർഥികളും ഒരു ഇൻസ്ട്രക്ടറും ഒരു ഡൈവ് മാസ്റ്ററും പരിശീലനത്തിൽ പങ്കെടുത്തിരുന്നതായും അഭിഭാഷകൻ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൗഫ്മാൻ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ‘ദി സ്കൂബ റാഞ്ച്’ ഡൈവ് ഇൻസ്ട്രക്ടർ ബിൽ ആംസ്‌ട്രോങ്ങിനെ താത്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.














































