AmericaKeralaLatest NewsLifeStyleLiteratureNews

അക്ഷരങ്ങളുടെ യാത്രക്കാരന് ലാനയുടെ ആദരം: അബ്ദുൾ പുന്നയൂർക്കുളത്തെ അമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഘടന ആദരിച്ചു

അമേരിക്കൻ മലയാളി സാഹിത്യലോകത്തിൽ ‘സഞ്ചരിക്കുന്ന ലൈബ്രറി’ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനു, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ആദരവ് അർപ്പിച്ചു. പതിറ്റാണ്ടുകളായി മലയാളത്തിലും ഇംഗ്ലീഷിലും രചനകളുമായി ശ്രദ്ധേയനായ അബൂക്കയുടെ സാഹിത്യസംഭാവനകളോടും മലയാളി എഴുത്തുകാരോടുള്ള ആത്മാർഥബന്ധത്തോടുമുള്ള അംഗീകാരമായിരുന്നു ഈ ആദരം.

അമേരിക്കയിൽ നടക്കുന്ന ഒട്ടുമിക്ക മലയാള സാഹിത്യ സമ്മേളനങ്ങളിലും എഴുത്തുകാരുടെ പുസ്തക ശേഖരം സൂക്ഷ്മമായി പെറുക്കിനിരത്തി അവതരിപ്പിച്ച് ശ്രദ്ധനേടുന്ന അബൂക്കയെ കാണാത്ത സമ്മേളനം വിരളമാണ്. ഡിട്രോയിറ്റിൽ നിന്ന് ഭാരമുള്ള പുസ്തകപ്പെട്ടിയുമായി രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രകൾ തുടരുന്ന അദ്ദേഹത്തിന്റെ ഈ നിശ്ശബ്‌ദസേവനം, സഹ എഴുത്തുകാരുടെ കൃതികളെ സ്നേഹത്തോടെ സംരക്ഷിക്കുന്ന ഒരാളായി അദ്ദേഹത്തെ മലയാളി മനസ്സിൽ പതിപ്പിച്ചിട്ടുണ്ട്.

അമേരിക്കൻ മലയാളി എഴുത്തുകാരുടെ ഇതുവരെ പ്രസിദ്ധീകരിച്ചിരിക്കുന്ന മിക്ക കൃതികളും സ്വന്തമായി ശേഖരിച്ച് ഓരോ സമ്മേളനങ്ങളിലും പ്രദർശിപ്പിക്കുന്ന അപൂർവ മനസ് പുന്നയൂർക്കുളത്തിനുണ്ടെന്ന് ലാന പ്രസിഡന്റ് ശങ്കർ മന പറഞ്ഞു. സ്വന്തം കൃതികൾക്കൊപ്പം മറ്റു എഴുത്തുകാരുടെ സൃഷ്ടിപ്പുകൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഈ വിശാലതയാണ് അദ്ദേഹത്തെ സാഹിത്യലോകത്തിന്റെ ആദരത്തിന് അർഹനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാലസിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ നടന്ന ലാനയുടെ വാർഷിക സമ്മേളനത്തിൽ അബൂക്കയുടെ പുതിയ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്യുകയും ചെയ്തു. “പ്രായം കൂടുകയാണ്… ഈ ശേഖരം ഇനി ആരെങ്കിലും ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന അബൂക്കയുടെ വാക്കുകൾ, പുസ്തകങ്ങളിലും എഴുത്തുകാരിലും അദ്ദേഹം കൊള്ളുന്ന അതിയായ സ്നേഹത്തിന്റെ അടയാളമെന്നപോലെ സമ്മേളനത്തിൽ മുഴങ്ങിയിരുന്നു.

മലയാളി സാഹിത്യത്തിനുള്ള ഒത്തൊരുമയും സാഹിത്യപൈതൃക സംരക്ഷണവും കൈവിടാതെ മുന്നോട്ടുപോകുന്ന ഒരു അക്ഷരയാത്രക്കാരനായി അബ്ദുൾ പുന്നയൂർക്കുളം ഇനിയും തലമുറകൾക്ക് പ്രചോദനമാകുമെന്ന് സമ്മേളനം വിലയിരുത്തി.

Show More

Related Articles

Back to top button