KeralaLatest News

വി.പി.എസ് ലേക്‌ഷോറില്‍ ക്രോണിക് ലംഗ് ഡിസീസ് ക്ലിനിക് ആരംഭിച്ചു

കൊച്ചി: തുടര്‍ച്ചയായ ശ്വാസകോശ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ക്രോണിക് ലംഗ് ഡിസീസ് ക്ലിനിക് (സി.എല്‍.ഡി.സി) പ്രവര്‍ത്തനം ആരംഭിച്ചു. സി.ഒ.പി.ഡി, ബ്രോങ്കൈക്ടസിസ്, പള്‍മണറി ഫൈബ്രോസിസ് തുടങ്ങി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ബഹുമുഖ പിന്തുണ നല്‍കി ജീവിത നിലവാരം ഉയര്‍ത്തുകയാണ് സി.എല്‍.ഡി.സി ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. പോഷകാഹാര പിന്തുണ, ശാസ്ത്രീയ വ്യായാമ ക്രമം, മാനസിക പിന്തുണ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമഗ്ര സമീപനത്തിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക.
വി.പി.എസ് ലേക്‌ഷോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.ബാബു എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.

ശ്വാസകോശവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വി.പി. എസ് ലേക്‌ഷോറിൽ സംവിധാനം ആരംഭിച്ചത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.  ജന്മനായുള്ളത്, വാര്‍ധക്യസഹജമായത് എന്നിങ്ങനെ ആസ്ത്മ രോഗങ്ങള്‍ കേരളത്തില്‍ കണ്ടുവരുന്നുണ്ട്. ഇതിന് പരിഹാരമായി ലേക്‌ഷോറില്‍ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നത് രോഗികള്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാതിമാത്രം വളര്‍ച്ചയുള്ള വലംകൈയുടെ പ്രതിസന്ധി വകവെക്കാതെ വണ്‍ ഹാന്‍ഡ് എംബ്രോയിഡറിയെന്ന സ്വന്തം സംരംഭം ഹിറ്റാക്കി മാറ്റിയ സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ അഞ്ജന ഷാജി മുഖ്യാതിഥിയായിരുന്നു. രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് യഥാർത്ഥ ഇന്‍ഫ്‌ളുവന്‍സര്‍മാരെന്ന് അഞ്ജന പറഞ്ഞു. ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയെന്ന പ്രവര്‍ത്തിയിലൂടെ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണത്. ചികിത്സയും പിന്തുണയും നല്‍കി രോഗികള്‍ക്ക് കൈതാങ്ങാകുന്നത് അവരുടെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തുന്ന കാര്യമാണെന്നും അഞ്ജന കൂട്ടിച്ചേര്‍ത്തു. സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്ററോളജി ഡയറക്ടര്‍ ഡോ. എച്ച്. രമേഷ് സംസാരിച്ചു. പള്‍മണറി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹരി ലക്ഷ്മണന്‍ സ്വാഗതവും കണ്‍സള്‍ട്ടന്റ് ഡോ. കെ.കെ. മുജീബ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button