AmericaAssociationsKeralaLatest NewsNews

ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ സാരഥികൾ; സജി എബ്രഹാം പ്രസിഡൻറ്

ന്യൂയോർക്ക് : അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്ററിന് അടുത്ത രണ്ട് വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഡിസംബർ 21-ന് റോക്‌ലാൻഡ് കൗണ്ടിയിലെ മലബാർ പാലസ് റെസ്റ്റോറന്റിൽ നടന്ന ദ്വൈവാർഷിക പൊതുയോഗത്തിലാണ് 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. സജി എബ്രഹാമിനെ പ്രസിഡന്റായും മാത്യുക്കുട്ടി ഈശോയെ സെക്രട്ടറിയായും താജ് മാത്യുവിനെ ട്രഷററായും ബിനു തോമസിനെ വൈസ് പ്രസിഡന്റായും ജോർജ് തുമ്പയിലിനെ ജോയിന്റ് സെക്രട്ടറിയായും സജി കീക്കാടനെ ജോയിന്റ് ട്രഷററായും തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡൻറ് ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐപിസിഎൻഎയുടെ മുൻ നാഷണൽ പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ, നിയുക്ത നാഷണൽ പ്രസിഡൻറ് രാജു പള്ളത്ത്, മുൻ നാഷണൽ പ്രസിഡന്റും ഈ-മലയാളി മാനേജിങ് എഡിറ്ററുമായ ജോർജ് ജോസഫ്, മുൻ നാഷണൽ പ്രസിഡൻറ് താജ് മാത്യു എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

പ്രസ്സ് ക്ലബ്ബിന്റെ തുടക്കകാലം മുതൽ അംഗമായ സജി എബ്രഹാം സംഘടനയുടെ സജീവ പ്രവർത്തകനാണ്. മൂന്ന് പതിറ്റാണ്ടോളം മുൻപ് അമേരിക്കയിലെത്തിയ അദ്ദേഹം കേരള ഭൂഷണം പത്രത്തിന്റെ അമേരിക്കൻ ഡയറക്ടറായും കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ വായനക്കാരിലേക്ക് അമേരിക്കയിലെ വാർത്തകൾ എത്തിക്കുന്നതിൽ സജിയുടെ സംഭാവന ശ്രദ്ധേയമായിരുന്നു. 2025-ൽ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ച അനുഭവത്തിനുശേഷമാണ് ഇപ്പോൾ ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വമേറ്റെടുക്കുന്നത്.

അടുത്ത രണ്ട് വർഷങ്ങളിൽ പ്രസ്സ് മീറ്റുകൾ കൂടുതൽ സജീവവും വ്യാപകവുമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സജി എബ്രഹാം അറിയിച്ചു. ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെയും വിവിധ സാമൂഹിക, സാംസ്കാരിക സ്ഥാപനങ്ങളുടെയും പരിപാടികൾ മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിലേക്കെത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാത്യുക്കുട്ടി ഈശോ ന്യൂയോർക്കിലെ അറിയപ്പെടുന്ന ഫ്രീലാൻസ് മാധ്യമ പ്രവർത്തകനാണ്. റിപ്പോർട്ടർ, കോളമിസ്റ്റ്, ഫോട്ടോഗ്രാഫർ, വീഡിയോ എഡിറ്റർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലും പ്രോട്ടോകോൾ ഓഫീസറായി സേവനം ചെയ്തിട്ടുണ്ട്. ട്രഷററായി ചുമതല ഏറ്റെടുത്ത താജ് മാത്യു മലയാള മനോരമയുടെ മുൻ റിപ്പോർട്ടറായും “മലയാളം പത്രം” എഡിറ്ററായും പ്രവർത്തിച്ച പരിചയസമ്പന്നനായ മാധ്യമ പ്രവർത്തകനാണ്. ഐപിസിഎൻഎയുടെ മുൻ നാഷണൽ പ്രസിഡൻറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്ത ബിനു തോമസ് ഫോട്ടോ-വീഡിയോ ജേർണലിസ്റ്റ് എന്ന നിലയിൽ ന്യൂയോർക്കിൽ സുപരിചിതനാണ്. ജോയിന്റ് സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന ജോർജ് തുമ്പയിൽ ദീർഘകാലമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകനാണ്. ജോയിന്റ് ട്രഷററായ സജി കീക്കാടൻ വിവിധ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതിയിട്ടുള്ള എഴുത്തുകാരനും സജീവ പ്രവർത്തകനുമാണ്.

പുതിയ നേതൃത്വം ചുമതലയേറ്റതോടെ ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും വ്യാപ്തിയും കൈവരുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.

Show More

Related Articles

Back to top button