ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

ന്യൂയോര്‍ക്ക്: ഫോമയുടെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടുന്ന കേരള കണ്‍വന്‍ഷനാണ് ജനുവരി 9, 10 തീയതികളില്‍ കോട്ടയത്ത് നടന്നത്. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലെ സമ്മേളനത്തില്‍ മാത്രമല്ല, ജനുവരി 3 മുതല്‍ 11 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കിയ ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, ബിസിനസ് പരിപാടികള്‍ കൂടി ചേര്‍ത്തു നോക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഫോമയുടെ പ്രവര്‍ത്തനങ്ങളാല്‍ നിറഞ്ഞുനിന്ന ഒരാഴ്ചയായിരുന്നു അത്. പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെയും നേതൃത്വ സംഘത്തിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് ഈ മഹത്തായ വിജയം സാധ്യമായത്.

അക്ഷരനഗരിയായ കോട്ടയത്തെ പ്രശസ്തമായ വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലില്‍ നടന്ന പ്രൗഡോജ്ജ്വലമായ ചടങ്ങില്‍ കേരള കണ്‍വന്‍ഷന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലും കേരളത്തിലുമായി ഫോമ നടത്തിവരുന്ന വിപുലമായ സേവനപ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ മലയാളികളുടെ അനുഭവസമ്പത്തും സ്നേഹസംഭാവനകളും രാജ്യത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കവിയും നോവലിസ്റ്റും ചലച്ചിത്ര ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി മുഖ്യപ്രഭാഷണം നടത്തി.


ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍, എം.പിമാരായ ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മുന്‍ എം.പി സുരേഷ് കുറുപ്പ്, തോമസ് ചാഴികാടന്‍, മുന്‍ എം.എല്‍.എ രാജു എബ്രഹാം, അഡ്വ. വര്‍ഗീസ് മാമ്മന്‍, ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, മുന്‍ പ്രസിഡന്റുമാരായ ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ഡോ. ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്, ഐ.പി.സി.എന്‍.എ പ്രസിഡന്റ് രാജു പള്ളത്ത് എന്നിവര്‍ സംസാരിച്ചു.

കണ്‍വന്‍ഷന്റെ ഭാഗമായി ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രിവിലേജ് കാര്‍ഡ് ഫോമ വിമന്‍സ് ഫോറം മുന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ പ്രസിഡന്റ് ബേബി മണക്കുന്നേലിന് കൈമാറി. ഫോമ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് അമ്പതിനായിരം രൂപ വീതം സഹായം വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍, സ്കൂട്ടര്‍, ലാപ്‌ടോപ്പ്, പഠനോപകരണങ്ങള്‍ എന്നിവയും നല്‍കി. ഫോമ ഹെല്‍പ്പിംഗ് ഹാന്‍ഡിന്റെ ഭാഗമായി ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ സഹായവും നല്‍കി. ഫോമ ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 50 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രസംഗങ്ങളില്‍ ഒതുക്കാതെ പ്രായോഗികമായി നടപ്പാക്കിയതിന്റെ ഉദാഹരണമായി ജനുവരി 3ന് പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ചങ്ങനാശേരി കുറിച്ചിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് മാറി. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി പേര്‍ക്ക് ഇത് വലിയ ആശ്വാസമായി. ഫോമയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത എം.എല്‍.എ ജോബ് മൈക്കിള്‍ അഭിപ്രായപ്പെട്ടു.

പിറവത്ത് സംഘടിപ്പിച്ച ‘അമ്മമാരോടൊപ്പം’ പരിപാടി സമൂഹത്തില്‍ വലിയ ശ്രദ്ധ നേടി. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന 750 വിധവ അമ്മമാര്‍ക്ക് പുതുവസ്ത്രങ്ങളും മെഡിക്കല്‍ കിറ്റും സാമ്പത്തിക സഹായവും നല്‍കി ഫോമ ആദരിച്ചു. മാതൃത്വത്തിന്റെ മഹത്വവും സഹജീവി സ്നേഹത്തിന്റെ മൂല്യവും വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങ്.
ജനുവരി 11ന് കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടന്ന ഫോമ ബിസിനസ് മീറ്റോടെ കേരള കണ്‍വന്‍ഷന്‍ സമാപിച്ചു. യോഗം ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി പി. രാജീവ്, കേരളത്തില്‍ ഫോമയ്ക്ക് സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രമുഖര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയ വന്‍തോതിലുള്ള പദ്ധതികളും, അതില്‍ പങ്കെടുത്ത ജനങ്ങളുടെ വലിയ പങ്കാളിത്തവും, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും എല്ലാം ചേര്‍ത്തു നോക്കുമ്പോള്‍ ഫോമയുടെ 2026 കേരള കണ്‍വന്‍ഷന്‍ ചരിത്രവിജയമായിരുന്നുവെന്ന് നിസംശയം പറയാം. പ്രസിഡന്റ് ബേബി മണക്കുന്നേലിനും സംഘത്തിനും ഈ നേട്ടത്തില്‍ അഭിമാനിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് സംശയമില്ല.




