താരിഫ് ആഘാതം: വിലക്കയറ്റം ഉയർന്ന് തൊഴിൽ വളർച്ച മന്ദഗതിയിൽ; അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ സമ്മർദ്ദം

ഹൂസ്റ്റൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപ് 2025 ൽ നടപ്പിലാക്കിയ അധിക തീരുവ (താരിഫ്) നയം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇരട്ട സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണകൂടം അവകാശപ്പെടുന്നതിന് വിരുദ്ധമായി, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ചുമത്തിയ അധിക തീരുവ അമേരിക്കൻ വിപണിയിൽ വിലക്കയറ്റത്തിന് കാരണമായെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. 2025ൽ പണപ്പെരുപ്പത്തിൽ കുത്തനെ ഉയർച്ച ഉണ്ടായിരുന്നെങ്കിലും, 2026 തുടക്കത്തിൽ അത് 2.4 ശതമാനത്തിലേക്ക് താഴ്ന്നത് ആശ്വാസകരമായ പ്രവണതയായി വിലയിരുത്തപ്പെടുന്നു.
ഫെഡറൽ റിസേർവ് ബാങ്ക് ഓഫ് ന്യൂയോർക്ക് നടത്തിയ പഠനങ്ങൾ പ്രകാരം, അധിക തീരുവയുടെ ഭാരം ഏകദേശം 90 ശതമാനം വരെ വഹിക്കേണ്ടി വന്നത് അമേരിക്കൻ ഉപഭോക്താക്കളും ബിസിനസ്സുകളും തന്നെയാണെന്ന് കണ്ടെത്തി. വസ്ത്രങ്ങൾ, ചെരുപ്പുകൾ, വാഹനഭാഗങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില 2025ൽ കുത്തനെ ഉയർന്നു. ചില മാസങ്ങളിൽ വസ്ത്രങ്ങളുടെ വിലയിൽ 30 ശതമാനത്തിലധികം വർധനവും രേഖപ്പെടുത്തി.
ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയപ്പോൾ, അതിന്റെ ചെലവ് കമ്പനികൾ ഉപഭോക്താക്കളിലേക്ക് മാറ്റിയതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൾ പ്രകാരം, താരിഫ് നയത്തിന്റെ ഫലമായി 2025ൽ ഒരു ശരാശരി അമേരിക്കൻ കുടുംബത്തിന് ഏകദേശം 1,000 ഡോളറിന്റെ അധിക ചെലവ് ഉണ്ടായിട്ടുണ്ട്. 2026ൽ ഇത് 1,300 ഡോളർ വരെ ഉയരാനിടയുണ്ടെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു. വിദേശ കമ്പനികളാണ് നികുതി നൽകുന്നതെന്ന ഭരണകൂട വാദം പ്രായോഗികമായി നിലനിൽക്കുന്നില്ലെന്നും, കടകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ അമേരിക്കക്കാർ തന്നെയാണ് അധിക ചെലവ് വഹിക്കുന്നതെന്നും Tax Foundation പോലുള്ള ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, ഫെഡറൽ റിസേർവ് ചെയർമാൻ ജെറോമി പവൽ ഉൾപ്പെടെയുള്ളവർ വിലക്കയറ്റം ദീർഘകാല പ്രതിഭാസമല്ലെന്നും, വിപണിയിലെ താത്കാലിക ക്രമീകരണത്തിന്റെ ഭാഗമാണെന്നും വിലയിരുത്തുന്നു. 2025 മധ്യത്തോടെ അധിക തീരുവ നടപ്പിലാക്കിയതിനു ശേഷം വിലകൾ ഉയർന്നെങ്കിലും, ഇപ്പോൾ വിപണി അതുമായി പൊരുത്തപ്പെട്ടു വരികയാണെന്നാണ് വിലയിരുത്തൽ. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം പണപ്പെരുപ്പം 2.4 ശതമാനമായി കുറഞ്ഞത് ഈ പ്രവണതയ്ക്ക് തെളിവായാണ് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തൊഴിൽ വിപണിയിൽ ചിത്രം അത്ര ശുഭകരമല്ല. 2024ൽ ഏകദേശം 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ, 2025ൽ അത് 1.81 ലക്ഷമായി കുറഞ്ഞത് ആശങ്ക ഉയർത്തുന്നു. ഇറക്കുമതി ചെലവ് കൂടിയതിനെ തുടർന്ന് പല നിർമാണ കമ്പനികളും പ്രതിസന്ധിയിലായതോടെ പുതിയ നിയമനങ്ങൾ മന്ദഗതിയിലായി. വിലക്കയറ്റം നിയന്ത്രണവിധേയമാകുന്നുണ്ടെങ്കിലും, സാമ്പത്തിക വളർച്ചയുടെ വേഗത കുറഞ്ഞത് താരിഫ് നയത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾ ശക്തമാക്കുകയാണ്. കുടുംബ ബജറ്റുകൾ കൂടുതൽ കർശനമായി നിയന്ത്രിക്കാനും, അത്യാവശ്യമല്ലാത്ത ഇറക്കുമതി സാധനങ്ങളുടെ വാങ്ങൽ പരിമിതപ്പെടുത്താനും സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നു.




