പുതുപ്പള്ളിയിൽ ആവേശം നിറച്ച് രാഹുൽ ഗാന്ധി; യുഡിഎഫ് അധികാര ത്തിലെത്തിയാൽ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപനം.

കോട്ടയം : കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോടുള്ള ആദരസൂചകമായി ഈ മണ്ഡലത്തിൽ എത്തേണ്ടത് തന്റെ കടമയാണെന്ന് വ്യക്തമാക്കിയായിരുന്നു രാഹുലിന്റെ പ്രസംഗം ആരംഭിച്ചത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഉമ്മൻചാണ്ടിയുടെ ജനപ്രീതി ലോകം കണ്ടതാണെന്നും അദ്ദേഹം അനുസ്മരിച്ചു.
പത്ത് വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത് സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും, അത് ഘട്ടംഘട്ടമായി 300 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ വിമർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ വിദേശനയങ്ങളെയും വ്യവസായ ബന്ധങ്ങളെയും ചോദ്യം ചെയ്തു. ഗൗതം അദാനി യുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. അമേരിക്കയുമായുള്ള കരാറുകൾ വഴി ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ ബാധിക്കപ്പെടുന്നുവെന്നും, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നിലപാടുകൾ ദുർബലമാകുന്നുവെന്നും രാഹുൽ ആരോപിച്ചു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ യെ കുറിച്ചും പരാമർശങ്ങൾ ഉണ്ടായി.
സംസ്ഥാന സർക്കാരിനെതിരെയും രാഹുൽ കടുത്ത വിമർശനം ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേന്ദ്ര ഏജൻസികൾ ഇടപെടാത്തത് രാഷ്ട്രീയ കാരണങ്ങളാൽ തന്നെയാണെന്നും ആരോപിച്ചു. ബിജെപിയെയും എൽഡിഎഫിനെയും ഒരുപോലെ നേരിടാൻ കഴിയുന്നത് കോൺഗ്രസിനാണെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.




