AmericaGulfLatest NewsNewsPolitics

ഹോര്‍മുസില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി; എഫ്–35കളേക്കാള്‍ വിലയേറിയ ട്രൈറ്റണ്‍ ഡ്രോണ്‍ നഷ്ടപ്പെട്ടു

ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് മേഖലയില്‍ അമേരിക്കയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണ്‍ എംക്യു–4സി ട്രൈറ്റണ്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ഏകദേശം 200 മുതല്‍ 240 മില്യണ്‍ ഡോളര്‍ വരെയുള്ള നിര്‍മാണ ചെലവുള്ള ഈ ഡ്രോണ്‍ രണ്ട് എഫ്–35 യുദ്ധവിമാനങ്ങളേക്കാള്‍ വിലയേറിയതാണെന്ന് വിലയിരുത്തപ്പെടുന്നു.

ഏപ്രില്‍ 9ന് ഹോര്‍മുസ് മേഖലയിലൂടെ പറക്കുന്നതിനിടെ അടിയന്തര സിഗ്നല്‍ നല്‍കിയതിനു പിന്നാലെയാണ് ഡ്രോണ്‍ കാണാതായത്. പിന്നീട് ഇത് തകര്‍ന്നുവീണതായി അമേരിക്കന്‍ നേവല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനമാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്നുണ്ടായ അപകടമാണെന്നാണ് യുഎസ് നേവി വ്യക്തമാക്കിയത്. 2.5 മില്യണ്‍ ഡോളറിന് മുകളിലുള്ള നാശനഷ്ടങ്ങള്‍ ‘ക്ലാസ് എ മിഷാപ്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന അമേരിക്ക, ഈ സംഭവവും അതേ വിഭാഗത്തിലാക്കി.

ദീർഘദൂര ദൗത്യങ്ങള്‍ക്കും സമുദ്ര നിരീക്ഷണത്തിനുമായി രൂപകല്‍പ്പന ചെയ്ത എംക്യു–4സി ട്രൈറ്റണ്‍ ഡ്രോണുകള്‍ കപ്പല്‍ ഗതാഗത പാതകളുടെ നിരീക്ഷണത്തിലും സൈനിക നീക്കങ്ങള്‍ പിന്തുടരുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്. 2019ല്‍ സമാനമായൊരു സംഭവത്തില്‍ അമേരിക്കയുടെ ആര്‍ക്യു–4എ ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു.

ഇറാനുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ ഇതിനകം തന്നെ ഏകദേശം 720 മില്യണ്‍ ഡോളറിന്റെ ഡ്രോണുകള്‍ അമേരിക്കയ്ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രൈറ്റണ്‍ കൂടി നഷ്ടമായതോടെ സാമ്പത്തികമായും സൈനികമായും വലിയ തിരിച്ചടിയാണ് അമേരിക്ക നേരിടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button