യുകെയിൽ ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; സ്വദേശി വനിത മരിച്ചു, യുവതി ചികിത്സയിൽ.

ലണ്ടൻ: യുകെയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് തദ്ദേശീയ വനിത മരിച്ചു. അപകടത്തിൽ പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ യുവതി ആശുപത്രിയിൽ ചികിത്സ യിലാണ്. ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിലാണ് സംഭവം. യുവതി ഓടിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു അപകടം.
ഗ്ലോസ്റ്ററിലെ പ്രമുഖ കെയർഹോമിലെ ജീവനക്കാരിയായ യുവതി കുവൈത്തിൽ നിന്നെത്തിയതായാണ് വിവരം. യുകെ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയാണ് ഇവർ വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ പരുക്കേറ്റതിനാൽ ആശുപത്രിയിൽ ചികിത്സയിലായതിനാലാണ് അറസ്റ്റ് നടപടികൾ വൈകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, ശനിയാഴ്ച ബെക്സിൽ ഉണ്ടായ മറ്റൊരു വാഹനാപകടത്തിൽ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബെൻഹർ ബെർണാർഡ് മരിച്ചു. വിദ്യാർഥിയായ ബെൻഹർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു.




