ദോഹ: അംബേദ്കർ ദിനത്തിന്റെ ഭാഗമായി ‘ഇൻ റിമംബറൻസ് ഓഫ് അംബേദ്കർ, സംവിധാൻ ഓർ സ്ത്രീ’ എന്ന തലക്കെട്ടിൽ വനിതകൾക്കായി ടേബ്ൾടോക്ക് സംഘടിപ്പിച്ചു. നടുമുറ്റം ഖത്തറും പ്രവാസി വെൽഫെയർ വുമൺ എംപവർ വിംഗും സംയുക്തമായിട്ടാണ് ടേബ്ൾടോക്ക് സംഘടിപ്പിച്ചത്. അംബേദ്കർ സ്ത്രീകൾക്കുവേണ്ടി ഏറ്റവും ശക്തമായി നിലകൊണ്ട നേതാവായിരുന്നെന്നും അദ്ദേഹത്തിൻ്റെ സ്ത്രീ ശാക്തീകരണ നിയമങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് ഇനിയും അവബോധമുണ്ടാകേണ്ടതുണ്ടെന്നും ടേബ്ൾടോക്കിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നടുമുറ്റം പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻ്റും വുമൺ എംപവർമെൻറ് വിംഗ് കൺവീനറുമായ ലത കൃഷ്ണ അധ്യക്ഷത വഹിച്ചു.
അംബേദ്കർ യുഗം എന്ന വിഷയത്തിൽ ജുമാന, ഇക്വാലിറ്റി ബിഫോർ ലോ എന്ന തലക്കെട്ടിൽ സഹല കോലോത്തൊടി, നോണ് ഡിസ്ക്രിമിനേഷൻ ആൻഡ് സ്പെഷ്യൽ പ്രൊവിൻസ് എന്ന വിഷയത്തിൽ അഹ്സന കരിയാടൻ, സെക്ഷ്വൽ ഹരാസ്മെൻ്റ് ആൻ്റ് വർക്പ്ലൈസ് സേഫ്റ്റി എന്ന തലക്കെട്ടിൽ ഷബാന തസ്നീം, ഹിന്ദുകോഡ് ബിൽ തലക്കെട്ടിൽ ഭവ്യ, പൊളിറ്റിക്കൽ എംപവർമെൻ്റ് എന്ന തലക്കെട്ടിൽ വാഹിദാ സുബി തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. ഐ.സി.സി വുമൺസ് വിംഗ് സെക്രട്ടറി ആബിദ സുബൈർ, പ്രവാസി വെൽഫെയർ ജില്ലാകമ്മറ്റികളുടെ വനിതാ ഭാരവാഹികൾ, നടുമുറ്റം വിവിധ ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ക്രിയാത്മകമായ ചർച്ചയും നടന്നു. പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടറിയും നടുമുറ്റം വൈസ് പ്രസിഡൻ്റുമായ സജ്ന സാക്കി മോഡറേറ്ററായിരുന്നു. പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റിയംഗം സകീന അബ്ദുല്ല സ്വാഗതവും അഫീഫ നന്ദിയും പറഞ്ഞു. പരിപാടിയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചവർക്ക് ഉപഹാരം സമ്മാനിച്ചു. പ്രവാസി വെൽഫെയർ, നടുമുറ്റം ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നല്കി.














































