KeralaLatest NewsPolitics

വി ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു; 20 അംഗ മന്ത്രിസഭ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ 20 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസില്‍നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മുസ്ലിം ലീഗില്‍നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളില്‍നിന്ന് സി പി ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരും മന്ത്രിസഭയില്‍ ഇടംനേടും.

മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ ഇരിക്കണമെന്ന ലോക്ഭവന്റെ ആദ്യ നിര്‍ദേശത്തില്‍ പിന്നീട് ഇളവ് അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മുഴുവന്‍ നേതാക്കള്‍ക്കും വേദിയില്‍ ഇരിക്കാന്‍ അനുമതി ലഭിച്ചത്.

പ്രതിപക്ഷത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ ചടങ്ങിലെത്തിയത്. അതേസമയം, നിയുക്ത ബിജെപി എംഎല്‍എ വി മുരളീധരന്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button