AmericaCommunityKeralaLatest NewsNews

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് അമേരിക്കയിൽ ഉജ്ജ്വല സ്വീകരണം.

ന്യൂയോർക്ക് : പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനത്തിന് കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയിൽ എത്തിച്ചേർന്നു.

സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബാവ അമേരിക്ക സന്ദർശിക്കുന്നത്. ജൂലൈ 21-ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (JFK) അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബാവയെ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനി, ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോ. അയൂബ് മോർ സിൽവാനിയോസ് തിരുമേനി, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദികർ, സന്യാസിമാർ, വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.

തുടർന്ന് ശ്രേഷ്ഠ ബാവയെ ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. അവിടെ വിപുലമായ ആത്മീയ-സാംസ്കാരിക സ്വീകരണമാണ് ഒരുക്കിയിരുന്നത്. വിശ്വാസികളുടെ വൻ പങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി.

അമേരിക്കൻ അതിഭദ്രാസനത്തിന്റെ വാർഷിക യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിൽ ശ്രേഷ്ഠ ബാവയുടെ സാന്നിധ്യവും ആത്മീയ സന്ദേശവും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും വലിയ ആത്മീയ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു.

കോൺഫറൻസിന്റെ ഭാഗമായി വിശുദ്ധ കുർബാന, ആത്മീയ പ്രഭാഷണങ്ങൾ, യുവജന-കുടുംബ സംഗമങ്ങൾ, വിവിധ മതപരവും സാംസ്കാരികവുമായ പരിപാടികളും നടക്കും.

സ്ഥാനാരോഹണത്തിന് ശേഷമുള്ള ഈ പ്രഥമ അമേരിക്കൻ സന്ദർശനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ വിശ്വാസിസമൂഹത്തിന് ചരിത്രപ്രാധാന്യമുള്ള ആത്മീയ മുഹൂർത്തമായി മാറിയിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button