ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തിൽ ഉജ്ജ്വല സ്വീകരണം; ജൂലൈ 26ന് വിശുദ്ധ കുർബാനയും അനുമോദന സമ്മേളനവും

ന്യൂജേഴ്‌സി: അമേരിക്കൻ അതിഭദ്രാസനത്തിൽ ശ്ലൈഹിക സന്ദർശനം നടത്തുന്ന പൗരസ്ത്യ കാതോലിക്കാ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ന്യൂജേഴ്‌സിയിലെ വാണാക്യൂ സെന്റ് ജെയിംസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ജൂലൈ 26 (ഞായർ) വൈകിട്ട് 5.30ന് വിപുലമായ സ്വീകരണം ഒരുക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

ദേവാലയത്തിലെത്തുന്ന ശ്രേഷ്ഠ ബാവാ തിരുമേനിയെ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യൽദോ മോർ തീത്തോസ്, ഇടവക വികാരി ബഹുമാനപ്പെട്ട ഗീവറുഗീസ് ജേക്കബ് കശീശ്ശാ ചാലിശ്ശേരി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും.
തുടർന്ന് ലൂത്തിനിയായ്ക്ക് ശേഷം സന്ധ്യാ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയിൽ വിശ്വാസികളുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിശുദ്ധ കുർബാനാനന്തരം നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യൽദോ മോർ തീത്തോസ് അധ്യക്ഷത വഹിക്കും. ഇടവക വികാരി ഫാ. ഗീവറുഗീസ് ജേക്കബ് സ്വാഗതം ആശംസിക്കും. തുടർന്ന് ആശംസാപ്രസംഗങ്ങൾ, ഗാനാലാപനങ്ങൾ, ഇടവകയുടെ സ്നേഹോപഹാര സമർപ്പണം എന്നിവ നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തും. ഇടവക സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തും.
ജൂലൈ 22-ന് ജന്മദിനം ആഘോഷിച്ച അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയോടുള്ള ഇടവകയുടെ സ്നേഹാദരസൂചകമായി കേക്ക് മുറിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ സന്ദർശനം വിജയകരമാക്കുന്നതിനായി ഇടവക ഒന്നടങ്കം വിപുലമായ ഒരുക്കങ്ങളിലാണ്. വിശ്വാസികൾ എല്ലാവരും വൈകിട്ട് 5 മണിക്ക് മുമ്പായി ദേവാലയത്തിൽ എത്തിച്ചേരണമെന്ന് ഇടവക വികാരി ഫാ. ഗീവറുഗീസ് ജേക്കബ് അഭ്യർഥിച്ചു. എല്ലാ വിശ്വാസികളെയും ചടങ്ങുകളിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
- ഫാ. ഗീവറുഗീസ് ജേക്കബ് (വികാരി/പ്രസിഡന്റ്): 732-272-696
- ജീമോൻ ജോസഫ് (സെക്രട്ടറി): 732-910-5800
- സിജോ മാത്യു (ട്രസ്റ്റി): 312-810-0604




