പുനർജനി കേസ് അവസാനിപ്പിച്ചു; വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലൻസ്, രാഷ്ട്രീയ പ്രേരിതമായിരുന്നു മുൻ സർക്കാർ നടപടിയെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് സർക്കാർ. പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്നതിന് വിജിലൻസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻ സർക്കാർ കേസ് മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ചതും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമിച്ച് നൽകുന്നതിനായുള്ള ധനസമാഹരണത്തിനായി മുൻ സർക്കാർ നിർദേശപ്രകാരം വിദേശയാത്ര നടത്തിയതും അതുമായി ബന്ധപ്പെട്ട ധനസമാഹരണവുമാണ് വിജിലൻസ് അന്വേഷിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
അന്വേഷണത്തിൽ വി.ഡി. സതീശന്റെ പങ്ക് തെളിയിക്കാനായിട്ടില്ലെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതായും അദ്ദേഹം അറിയിച്ചു. റിപ്പോർട്ട് പരിഗണിച്ചാണ് മുൻ സർക്കാർ വി.ഡി. സതീശനെതിരെ സ്വീകരിച്ച നടപടി അവസാനിപ്പിക്കാൻ ആഭ്യന്തര-വിജിലൻസ് വകുപ്പ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് നേരത്തേ തന്നെ ഇത്തരമൊരു കണ്ടെത്തലിലെത്തിയിരുന്നുവെങ്കിലും, പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് മറ്റ് ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു രൂപയുടെ പോലും സാമ്പത്തിക ഇടപാടിൽ അദ്ദേഹത്തിന് പങ്കില്ലെന്നത് ഫയലുകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. ബന്ധപ്പെട്ട എല്ലാ ഫയലുകളും വിശദമായി പഠിച്ച ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും, മുൻ അന്വേഷണങ്ങളിലും അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




