ന്യൂയോർക്ക്: വെനസ്വേലൻ മുൻ പ്രസിഡന്റ് നികോളാസ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്ലോറസിനുമെതിരെ അമേരിക്കയിൽ പുതിയ കുറ്റപത്രം ചുമത്താൻ നീക്കം. വെനസ്വേലൻ ജയിലുകളിൽ അനധികൃതമായി തടവിലാക്കിയ അമേരിക്കൻ പൗരന്മാരെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ കുറ്റാരോപണങ്ങൾ ഉയരുന്നത്. മഡുറോ ഭരണകൂടവുമായി ബന്ധമുള്ള മറ്റ് ഉന്നത വ്യക്തികൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.
പുതിയ കുറ്റാരോപണങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ പുതിയ കുറ്റപത്രത്തെക്കുറിച്ച് തനിക്ക് മുൻകൂർ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മഡുറോയുടെ അഭിഭാഷകൻ ബാരി പൊള്ളാക്ക് പ്രതികരിച്ചു. യുഎസ് നീതിന്യായ വകുപ്പും ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിന്റെ ജാമ്യാപേക്ഷയിൽ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതിയിൽ വാദം നടക്കാനിരിക്കെയാണ് പുതിയ നീക്കം. കേസിന്റെ വിചാരണ 2027 ജൂണിലേക്ക് കോടതി താൽക്കാലികമായി നിശ്ചയിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് പുതിയ കുറ്റപത്രവുമായി ബന്ധപ്പെട്ട വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തിയെന്നും അതിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടെന്നുമുള്ള കേസിലാണ് മഡുറോയെയും ഭാര്യയെയും കഴിഞ്ഞ ജനുവരിയിൽ യുഎസ് സൈന്യം പ്രത്യേക രാത്രികാല ഓപ്പറേഷനിലൂടെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിചാരണയ്ക്കായി ഇരുവരെയും അമേരിക്കയിലെത്തിച്ചു.
മയക്കുമരുന്ന് മാഫിയകളുമായും നാർക്കോ-തീവ്രവാദ സംഘങ്ങളുമായും ചേർന്ന് മഡുറോ അഴിമതിക്ക് നേതൃത്വം നൽകിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നാർക്കോ-തീവ്രവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി, മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ നാല് ഗുരുതര കുറ്റങ്ങളാണ് നിലവിൽ ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് തങ്ങൾ നിരപരാധികളാണെന്നാണ് മഡുറോയും ഭാര്യയും വാദിക്കുന്നത്.
വിദേശ രാജ്യത്തിന്റെ നേതാക്കളെന്ന നിലയിൽ തങ്ങൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കേണ്ടതുണ്ടെന്നും അതിനാൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ആൽവിൻ കെ. ഹെല്ലർസ്റ്റീന് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഈ ആവശ്യം സംബന്ധിച്ച് കോടതി ഇതുവരെ വാദം കേട്ടിട്ടില്ല.
അതേസമയം, മഡുറോ സർക്കാരിലെ മുൻ വ്യവസായ മന്ത്രിയായിരുന്ന അലക്സ് സാബ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റം സമ്മതിക്കുകയും യുഎസ് അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തത് മഡുറോയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നിലവിലെ പ്രോസിക്യൂഷൻ നടപടികൾ ദുർബലമാണെന്ന ആശങ്കകൾക്കിടെ മഡുറോയ്ക്കെതിരെ പുതിയ ക്രിമിനൽ അന്വേഷണം ആരംഭിക്കാൻ മയാമിയിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.











































