മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷവും ഷോര്‍ട് ഫിലിം ഫെസ്റ്റിവലും നാളെ (വെള്ളി)
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ (വെള്ളി) തുടക്കമാകും. പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ത് കര്‍മപദ്ധതികളുടെ പ്രഖ്യാപനവും നടക്കും. നാളെ (വെള്ളി) രാവിലെ 11ന് മാജിക് പ്ലാനറ്റില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ പി.കെ രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ഡി.ബിനു, ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ അഡ്വ.ജയഡാളി എം.വി, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തിന കര്‍മപദ്ധതികളിലെ ആദ്യ പരിപാടിയായ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ വൈകുന്നേരം 3 മുതല്‍ നടക്കും. ഭിന്നശേഷി മേഖലയെ അധികരിച്ചുള്ള ഷോര്‍ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഫീച്ചര്‍ ഫിലിമുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
2014ല്‍ ഒക്ടോബര്‍ 31നാണ് മാജിക് പ്ലാനറ്റ് ആരംഭിച്ചത്. ഇന്ദ്രജാലത്തിന്റെയും ഇന്ദ്രജാലക്കാരുടെയും തെരുവുജാലവിദ്യക്കാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ആരംഭിച്ച പ്ലാനറ്റ് സാമൂഹ്യപ്രതിബദ്ധതയോടെ നിരവധി പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇന്ദ്രജാലത്തിന്റെ മ്യൂസിയം എന്ന പേരില്‍ അറിയപ്പെടുന്ന മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി ഡിഫറന്റ് ആര്‍ട് സെന്റര്‍ കൂടി ആരംഭിക്കുവാന്‍ കഴിഞ്ഞത് വലിയൊരു മൂന്നേറ്റമായി. നിരവധി തത്സമയഷോകള് അരങ്ങേറുന്ന മാജിക് പ്ലാനറ്റ് ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുവാനും കഴിഞ്ഞിട്ടുണ്ട്. വിനോദത്തിനൊപ്പം വിജ്ഞാനവും ജീവിത അവബോധവുമൊക്കെ പ്രദാനം ചെയ്യുന്ന വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ സുരക്ഷിത ഉല്ലാസ കേന്ദ്രമാണ് മാജിക് പ്ലാനറ്റ്.