കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനുനേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം; പ്രദേശത്ത് പൊലീസ് സന്നാഹം ശക്തം
ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ മന്ദിറിന് സമീപം ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ വിശ്വാസികളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ പതാകകളുമായി എത്തിയ ഒരു സംഘം വടികളുമായി ക്ഷേത്രത്തിന്റെ പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തെ അപലപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇത്തരം അക്രമങ്ങള്‍ അനുവദനീയമല്ലെന്ന് വ്യക്തമാക്കി. “എല്ലാ കനേഡിയന്‍ പൗരന്മാര്‍ക്കും അവരുടെ വിശ്വാസത്തെ നിലനിര്‍ത്താനുള്ള അവകാശമുണ്ട്,” എന്ന് ട്രൂഡോ പറഞ്ഞു.
അടിയന്തര ഇടപെടലിന് പൊലീസിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുമ്പോഴും അക്രമത്തിന് സംയമനമില്ലെന്ന് കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. ഇതേസമയം, ഖലിസ്ഥാന്‍ വാദികള്‍ അതിരുകള്‍ ലംഘിച്ചിരിക്കുന്നുവെന്ന് എംപി ചന്ദ്ര ആര്യ അഭിപ്രായപ്പെട്ടു.