ഇവാ. കെ. എ ഫിലിപ്പ് മൈലപ്ര, പാസ്റ്റർ മനു ഫിലിപ്പ്, പാസ്റ്റർ മത്തായി സാംകുട്ടി എന്നിവർ അവാര്‍ഡ് ജേതാക്കൾ
കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ സമഗ്ര സംഭാവനക്കുള്ള വില്യംകേറി അവാര്‍ഡിന് ഇവാ.കെ.എ ഫിലിപ്പും, കെ.വി സൈമണ്‍ സാഹിത്യ അവാര്‍ഡിന് പാസ്റ്റർ മനു ഫിലിപ്പും, വി. നാഗൽ കീര്‍ത്തന അവാര്‍ഡിന് പാസ്റ്റർ മത്തായി സാംകുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു.
പത്തനംതിട്ട മൈലപ്ര സ്വദേശിയായ കെ.എ ഫിലിപ്പ് ആറര പതിറ്റാണ്ടായി വേദ അദ്ധ്യാപകൻ, നിരൂപകൻ, ചരിത്രകാരൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരുന്നു. എട്ട് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ” മഹാനായ പൗലോസ” എന്ന തന്റെ പുസ്തകം ക്രൈസ്തവ സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയ ഗ്രന്ഥമാണ്. ക്രൈസ്തവ ആനുകാലികങ്ങളിൽ സ്ഥിരമായി രചനകൾ നിര്‍വ്വഹിക്കുന്ന കെ.എ ഫിലിപ്പ് അറുപതിലധികം ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ചിന്തിക്കേണ്ട യാഥാര്‍ത്ഥ്യങ്ങൾ” എന്ന ലഘുലേഖ ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് ഉള്‍പ്പെടെ പതിനഞ്ച്
ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലപ്ര ട്രാക്റ്റ് സൊസൈറ്റിയുടെ തുടക്കക്കാരിൽ പ്രധാനിയായ കെ.എ ഫിലിപ്പ് കേരളത്തിൽ ക്രൈസ്തവ ഭക്തി ഗാനങ്ങൾ ആദ്യമായി റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കാൻ മുന്നിൽ നിന്ന വ്യക്തിയാണ്. ഭാര്യ: ഗ്രേസിക്കുട്ടി, മക്കൾ: ജെയ്സണ്‍, ജസ്റ്റസ്, ജസ്റ്റിൻ
എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പാസ്റ്റർ മനു ഫിലിപ്പ് എഴുത്തുകാരൻ, ഗ്രന്ഥകാരൻ, സംഘാടകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. “സമുദ്രത്തിൽ തുറക്കപ്പെട്ട വിശാല വീഥികൾ”, “തൊട്ടറിവോ കേട്ടറിവോ”, “നിഴലും പൊരുളും ഒരു സമഗ്ര വീക്ഷണം” തുടങ്ങി ആറു ഗ്രന്ഥങ്ങളുടെ രചയിതാവാണ്. രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിന് തയ്യാറായി വരുന്നു. 37 വര്‍ഷമായി അമേരിക്കയിലെ ഫ്ളോറിഡയിൽ താമസിക്കുന്ന പാസ്റ്റർ മനു ഫിലിപ്പ് ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, പീസിനാക്ക് തുടങ്ങിയ പ്രധാന സമ്മേളനങ്ങളുടെ നോര്‍ത്ത് അമേരിക്കൻ റൈറ്റേഴ്സ് ഫോറം ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ നോര്‍ത്ത് അമേരിക്കൻ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് നേടിയിട്ടുള്ള പാസ്റ്റർ മനു ഫിലിപ്പിന് ഫൊക്കാന ലിറ്റററി അവാര്‍ഡ്, ന്യൂയോര്‍ക്ക് ബിഗ് ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ജോയമ്മ . മക്കൾ: ക്രിസ്റ്റീന, സ്റ്റീവൻ.
ആറു പതിറ്റാണ്ടായി സുവിശേഷ രംഗത്ത് സജീവമായി നിലകൊള്ളുന്ന പാസ്റ്റർ മത്തായി സാംകുട്ടി ഭക്തകവി, ഗാനരചിയിതാവ്, പ്രഭാഷകൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരുന്നു. എന്റെ യേശു എനിക്ക് നല്ലവൻ, കാല്‍വരിയിൽ കാണും സ്നേഹം അത്ഭുതം, കൂരിരുൾ പാതയിൽ ദീപമായ് എന്നു തുടങ്ങി 150 ൽ പരം ഗാനങ്ങളുടെ രചിയിതാവായ പാസ്റ്റർ മത്തായി സാംകുട്ടി
മലബാറിലെ ആദ്യകാല സുവിശേഷകനായ പന്തളം കൊച്ചുമത്തായിച്ചന്റെ മകനാണ്. തന്റെ ഗാനങ്ങളിൽ അധികവും തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും രചിക്കപ്പെട്ടവയാണ്. ചിക്കാഗോ പെന്തക്കോസ്ത് കമ്മ്യൂണിറ്റി മീഡിയ ഗ്രൂപ്പ്, ഹിസ് വോയ്സ് മ്യൂസിക് ടീം തുടങ്ങിയ നിരവധി സംഘടനകൾ ഈ അടുത്ത സമയത്ത് പാസ്റ്റർ മത്തായി സാംകുട്ടിയെ ആദരിക്കുകയുണ്ടായി. കഴിഞ്ഞ അമ്പത് വര്‍ഷമായി അമേരിക്കയിൽ താമസിക്കുന്നു. ഭാര്യ; അക്കാമ്മ, മക്കൾ: ജോളി, മാത്യു.
അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയ യോഗത്തിൽ പ്രസിഡന്റ് ടോണി ഡി.ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ.ജെ.സി ദേവ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു ജോര്‍ജ്ജ് പത്തനാപുരം, ട്രഷറർ ലിജോ വര്‍ഗ്ഗീസ് പാലമറ്റം, മീഡിയ കണ്‍വീനർ സാം കൊണ്ടാഴി എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായി മാറാനാഥ വോയിസിൻറെ ചീഫ് എഡിറ്റർ
ഷാജി മാറാനാഥയെ തിരഞ്ഞെടുത്തു. ജനു.15 ന് പത്തനംതിട്ട സുവിശേഷാലയത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
സാം കൊണ്ടാഴി
മീഡിയ കൺവീനർ